യേശുക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മപുതുക്കി വിശ്വാസികള്‍ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഏവര്‍ക്കും റൗണ്ടപ്‌കേരള.കോമിന്റെ ക്രിസ്മസ് ആശംസകള്‍.

സംസ്ഥാനം

മണ്ഡലകാല തീര്‍ത്ഥാടനത്തിന് നാളെ സമാപനം | മണ്ഡലകാല തീര്‍ത്ഥാടനം നാളെ സമാപിക്കും. മകരവിളക്കു തീര്‍ത്ഥാടനത്തിനായി 30ന് വീണ്ടും നട തുറക്കും.

രാജേന്ദ്ര അര്‍ലേക്കര്‍ കേരള ഗവര്‍ണര്‍ | ബീഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറെ (70) കേരള ഗവര്‍ണറായി നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ബീഹാറിലേക്കും മാറ്റി.

വയോധികയെ വീട്ടുമുറ്റത്ത് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു | കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ തകഴി അരയന്‍ചിറയില്‍ അഴീക്കോട് നഗറില്‍ കാര്‍ത്ത്യായനിയെ (81) വീട്ടുമുറ്റത്ത് കടിച്ചുകൊന്നു. ഒരു കണ്ണൊഴികെ മുഖം മുഴുവനും തെരുവുനായ്ക്കള്‍ കടിച്ചുകീറി.

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ ആരോഗ്യവകുപ്പിന്റെ നടപടി തുടങ്ങി | ക്ഷേമ പെന്‍ഷന്‍ തട്ടിയ ആരോഗ്യവകുപ്പിലെ 373 പേര്‍ക്കെതിരെ നടപടി തുടങ്ങി. സര്‍വീസിലുരുന്നുകൊണ്ട് വാങ്ങിയ പെന്‍ഷന്‍ തുകയും അതിന്റെ 18 ശതമാനം പലിശയും തിരികെ പിടിക്കാന്‍ ആരോഗ്യ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഉത്തരവിട്ടു.

പുല്‍ക്കൂട് നശിപ്പിച്ചതില്‍ കേസ് എടുത്ത് മനുഷ്യാവകാശ കമ്മിഷന്‍ | പാലക്കാട് ജില്ലയിലെ തത്തമംഗലം ചെന്താമര നഗര്‍ ജി.ബി യു പി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ പുല്‍ക്കൂട് നശിപ്പിക്കപ്പെട്ട സംഭവത്തിലും, നല്ലേപ്പിള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളിലും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ജില്ലാ പോലീസ് മേധാവിക്ക് നോട്ടീസയച്ചു. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ. എ. റഷീദ് നിര്‍ദേശിച്ചു.

4 ആശുപത്രികള്‍ കൂടി ദേശീയ നിലവാരത്തിലേക്ക് | സംസ്ഥാനത്തെ നാലു ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.

സാമ്പുവിന്റെ മരണത്തില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി | കട്ടപ്പനയില്‍ നിക്ഷേപകന്‍ സാബു ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ക്ക് എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി. കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയര്‍ ക്ലര്‍ക്ക് സുജമോള്‍, ജൂനിയര്‍ ക്ലര്‍ക്ക് ബിനോയ് എന്നിവര്‍ക്കെതിരെയാണ് ചുമത്തിയത്. മൂവരെയും ഇന്നലെ സഹകരണ സൊസൈറ്റിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

പത്മനാഭസ്വാമിയുടെ നടയ്ക്കുവച്ച സാരികള്‍ ലേലവിലയിടാതെ വിറ്റതില്‍ സസ്‌പെന്‍ഷന്‍ | തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഭക്തര്‍ സമര്‍പ്പിച്ച സാരികള്‍ ലേലവിലയിടാതെ വില്‍പ്പന നടത്തിയെന്ന് ഓഡിറ്റര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണസമിതി രണ്ട് പേരെ സസ്പെന്‍ഡ് ചെയ്തു.സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയുമായി മുന്നോട്ട് പോവാനാണ് ദേവസ്വം തീരുമാനം.

അനാശാസ്യകേന്ദ്രം നടത്തിയ പോലീസുകാര്‍ പിടിയില്‍ | കൊച്ചിയിലെ അനാശാസ്യകേന്ദ്ര നടത്തിപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ രണ്ട് പോലീസുദ്യോഗസ്ഥര്‍ പിടിയില്‍. കൊച്ചി ട്രാഫിക്കിലെ എ.എസ്.ഐ രമേഷ്, പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ബ്രിജേഷ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. കടവന്ത്രയിലെ ലോഡ്ജ് നടത്തിപ്പില്‍ ഇവര്‍ക്ക് പങ്കാളിത്തമുള്ളതായാണ് കണ്ടെത്തല്‍.തുടര്‍ന്നാണ് ഇരുവരേയും കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

ചന്ദ്രനില്‍ യാത്രികരെ ഇറക്കാനുള്ള ദൗത്യത്തിനു രൂപം നല്‍കി | 2040-ഓടെ ചന്ദ്രനില്‍ ബഹിരാകാശ യാത്രികരെ ഇറക്കാനുള്ള ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് രൂപം നല്‍കിയതായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ എസ്. സോമനാഥ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ചന്ദ്രനില്‍ ഇന്ത്യന്‍ പതാക പറക്കും എന്നും അദ്ദേഹം പറഞ്ഞു.

ദേശീയം

ബെലഗാവിയില്‍ വീണ്ടും കോണ്‍ഗ്രസ് യോഗം | നൂറു വര്‍ഷം മുമ്പ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സമ്മേളനം നടന്ന കര്‍ണ്ണാടത്തിലെ ബെലഗാവിയില്‍ വീണ്ടും പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗം ചേരുന്നു. 1924 ഡിസംബര്‍ 26ന് നടന്ന കോണ്‍ഗ്രസിന്റെ 39ാം സമ്മേളനത്തിലാണ് ഗാന്ധിജി അധ്യക്ഷത വഹിച്ചത്. ഗാന്ധിജിയുടെ അധ്യക്ഷതയില്‍ നടന്ന് ഏക പാര്‍ട്ടി സമ്മേളനത്തിന്റെ നൂറാം വാര്‍ഷിക ദിനത്തിലാണ് അതേവേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുന്നത്.

സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി | ബലാത്സംഗം, ആസിഡ് ആക്രമണം, ലൈംഗികാതിക്രമം, പോക്സോ കേസുകളില്‍ അതിജീവിച്ചവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതര്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും നഴ്സിംഗ് ഹോമുകളും കോടതിയുടെ നിര്‍ദ്ദേശം പാലിക്കണമെന്ന് ജസ്റ്റിസ് പ്രതിഭ എം. സിംഗ്, ജസ്റ്റിസ് അമിത് ശര്‍മ്മ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചു.

5 സൈനികര്‍ക്ക് വീരമൃത്യൂ | ജമ്മു കാശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനം അപകടത്തില്‍പ്പെട്ട് അഞ്ചു സൈനികര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പൂഞ്ചിലെ ബല്‍നോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികര്‍ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. 11 മദ്രാസ് ലൈറ്റ് ഇന്‍ഫന്ട്രിയുടെ ഭാഗമായ സൈനികര്‍ ആസ്ഥാനത്ത് നിന്നും ബല്‍നോയ് ഖോര മേഖലയിലേക്ക് പോവുമ്പോഴാണ് അപകടം ഉണ്ടായത്.

വെര്‍ച്വല്‍ അറസ്റ്റ് സംഘത്തിന്റെ പ്രധാന ഏജന്റ് അറസ്റ്റില്‍ | വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ കോടികള്‍ തട്ടുന്ന ചൈനീസ് സംഘങ്ങളുടെ ഇന്ത്യയിലെ മുഖ്യഏജന്റുമാരില്‍ ഒരാളെ കൊച്ചി സൈബര്‍ പോലീസ് പശ്ചിമബംഗാളില്‍ നിന്ന് പിടികൂടി. പശ്ചിമബംഗാള്‍ കൃഷ്ണഗഞ്ച് സ്വദേശിയും ബി.ജെ.പി പ്രാദേശിക നേതാവുമായ ലിങ്കണ്‍ ബിശ്വാസാണ് (27) അറസ്റ്റിലായത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫിന്റെ നാലു കോടി തട്ടിയ കേസിലാണിത്. ഇതില്‍ കോഴിക്കോട് സ്വദേശി മിഷാബ്, മലപ്പുറം സ്വദേശി മുഹമ്മദ് മുഫസില്‍ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി പോലീസ് സംഘം ബംഗാളിലെത്തി സാഹസികമായാണ് ലിങ്കണെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here