സംസ്ഥാനം

ബീമാപള്ളി ഉറൂസ്, നഗരത്തില്‍ ഇന്ന് അവധി | ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഉറൂസ് കൊടിയേറ്റിനോട് അനുബന്ധിച്ച് സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.

കനത്ത മഴ, 4 ജില്ലകളില്‍ അവധി | ഇന്നു വൈകുന്നേരത്തോടെ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ന്യുനമര്‍ദ്ദമായി അറബിക്കടലില്‍ പ്രവേശിച്ച് നിര്‍ജ്ജീവമാകും. രണ്ടു ദിവസം കൂടി അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍ പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ എസ് ഇ ബി അറിയിച്ചു.

മഴയ്ക്കിടെ അപകടത്തില്‍ 5 മരണം | ദേശീയ പാതയില്‍ കളര്‍കോട് ചങ്ങനാശേരിമുക്ക് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി. ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരില്‍ അഞ്ചു പേര്‍ മരിച്ചു. ഇന്നലെ രാത്രി 9.20 ഓടെയാണ് ആലപ്പുഴ മെഡിക്കല്‍ കോളജിലെ 11 ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ് ചികിത്സയിലുള്ള ആറു പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

വൈദ്യുതി നിരക്ക് പരിഷ്‌കരണം ഈ ആഴ്ച | സംസ്ഥാനത്ത് പുതുക്കിയ വൈദ്യുതി നിരക്ക് വര്‍ധന ഈ ആഴ്ച അവസാനം പ്രഖ്യാപിച്ചേക്കും. 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിക്കാനാണ് റെഗുലേറ്ററി കമ്മീഷന്റെ തയാറെടുപ്പ്. നിലവിലെ യൂണിറ്റിന് ശരാശരി 4.45 ശതമാനം നിരക്ക് വര്‍ധനയാണ് കെ.എസ്.ഇ.ബി വൈദ്യുതി റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ട്രിവാന്‍ഡ്രം ക്ലബ് ഇനി സര്‍ക്കാര്‍വക | തലസ്ഥാനത്തെ പ്രമുഖരുടെ കേന്ദ്രമായിരുന്ന ട്രിവാന്‍ഡ്രം ക്ലബിന്റെ അവകാശം സ്ഥാപിക്കനുള്ള രേഖകള്‍ ഹാജരാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. ക്ലബ് സ്ഥിതി ചെയ്യുന്ന വഴുതക്കാട്ടെ സ്ഥലം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഭൂമിയുടെ തണ്ടപ്പേര്‍ റദ്ദാക്കി.

എം.എല്‍.എയുടെ മകന് ആശ്രിത നിയമനമില്ല | എം.എല്‍.എയുടെ മകന് ആശ്രിത നിയമനം നല്‍കുന്നത് എങ്ങനെയെന്നു സുപ്രീം കോടതി. ചെങ്ങന്നൂര്‍ എം.എല്‍.എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിനു ആശ്രിതനിയമനം നല്‍കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി ശരിവച്ചു.

ഒരു കോടിയും 267 പവനും അയല്‍വാസിയുടെ കട്ടിലിനടിയില്‍ | വ്യാപാരിയുടെ വീട്ടില്‍ നിന്നും ഒരു കോടി രൂപയും 267 പവന്‍ സ്വര്‍ണ്ണവും കവന്നത് അയല്‍വാസി. സി.സി.ടി.വിയില്‍ പതിഞ്ഞ മോഷ്ടാവിന്റെ കഷണ്ടിയാണ് 50 മീറ്റര്‍ അകലെ താമസിക്കുന്ന വെല്‍ഡറായ ലിജേഷിലേക്ക് പോലീസിനെ എത്തിച്ചത്. ഇയാളുടെ വീട്ടില്‍ കട്ടിലിനു കീഴിലെ രഹസ്യ അറയില്‍ നിന്ന് തൊണ്ടി മുതല്‍ കണ്ടെത്തി.

മല്ലു ഹിന്ദു ഐ.എ.എസ് ഗ്രൂപ്പില്‍ കേസെടുക്കാനാവില്ല | ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ ഗോപാലകൃഷ്ണനെതിരെ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണം നടത്തിയ നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണറാണ് റിപ്പോര്‍ട്ട് നല്‍കിയത്. സുപ്രീം കോടതി വിധികള്‍ ചൂണ്ടികാട്ടിയാണ് റിപ്പോര്‍ട്ട്. കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറി നല്‍കിയ പരാതിയിലായിരുന്നു പ്രാഥമിക അന്വേഷണം.

നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവ് കണ്ടെത്താനായില്ല | പാലക്കാട്ടെ നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ട്രോളി ബാഗില്‍ പണം എത്തിച്ചെന്ന പരാതിയിലാണ് തെളിവ് കണ്ടെത്താനാകാത്തത്. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയാണ് പാലക്കാട് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. വിവാദത്തില്‍ തുടര്‍ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി പറഞ്ഞു.

ദേശീയം

ബാങ്കുകളുടെ സ്വര്‍ണപ്പണയ വായ്പകളില്‍ വര്‍ദ്ധനവ് | സ്വര്‍ണ്ണവായ്പകളി വന്‍ വര്‍ദ്ധനവ്. നടപ്പു സാ്മ്പത്തിക വര്‍ഷം ഏപ്രില്‍ ഒക്‌ടോബര്‍ കാലയളവില്‍ 50.4 ശതമാനം വരെയാണ് ബാങ്കുകളിലെ സ്വര്‍ണവായ്പയുടെ വളര്‍ച്ച.

പാര്‍ലമെന്റില്‍ മഞ്ഞുരുക്കം | ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇരുസഭകളിലും ചര്‍ച്ച നടത്തണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ലോക്‌സഭയില്‍ 13,14 തീയതികളിലും രാജ്യസഭയില്‍ 16,17 തീയതികളിലും ചര്‍ച്ച നടക്കും. എന്നാല്‍, അദാനി വിഷയത്തില്‍ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ വഴങ്ങിയിട്ടില്ല.

കര്‍ഷകര്‍ സര്‍ക്കാരുകള്‍ക്ക് നാല് ദിവസത്തെ സമയം നല്‍കി | ഭാരതീയ കിസാന്‍ പരിഷതിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പാര്‍ലമെന്റ് മാര്‍ച്ചില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനമെടുക്കാന്‍ നാല് ദിവസത്തെ സമയം നല്‍കി കര്‍ഷക സംഘടനകള്‍. പഴയ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ നോയിഡയിലേയും മറ്റ് പ്രദേശങ്ങളിലേയും വികസനത്തിനായി കര്‍ഷകരുടെ കൈയില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമിയുടെ പത്തുശതമാനം വിഹിതം തിരിച്ചുനല്‍കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. ഇതിനുപുറമെ നഷ്ടപരിഹാരമായി നല്‍കുന്ന തുകയില്‍ 64 ശതമാനത്തിന്റെ വര്‍ധനവും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ഫിന്‍ജാലില്‍ 21 ജീവനുകള്‍ നഷ്ടമായി | ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍, തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടി. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ട ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞതോടെ ചെന്നൈയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള യാത്ര ദുരിതപൂര്‍ണമായി. ട്രാക്കില്‍ വെള്ളം കയറിയതിനാല്‍ 13 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് എല്ലാ മൃതദേഹങ്ങളും കണ്ടെത്തിയത്. കനത്ത മഴയ്ക്ക് പിന്നാലെ ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.

കായിക ലോകം

പി.വി. സിന്ധു വിവാഹിതയാകുന്നു | ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പി വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയും പോസിഡെക്‌സ് ടെക്‌നോളജീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായിയാണ് വരന്‍. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം.

വിദേശം

രൂപ വീണ്ടും ഇടിഞ്ഞു, ഡോളറിന് 84.72 | അമേരിക്കന്‍ ഡോളറുമായുളള രൂപയുടെ വിനിമയമൂല്യം ഇടിഞ്ഞ് 84.72 രൂപവരെയെത്തി പുതിയ റെക്കോഡിട്ടു.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാരക രോഗങ്ങള്‍ പടരുന്നു | റുവാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലീഡിങ് ഐ വൈറസ്, എം.പോക്സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നു. ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര്‍ ഇതിനകം മരിച്ചതായും നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എബോള വൈറസ് ജനുസ്സില്‍പ്പെട്ട, വളരെ പെട്ടന്ന് വ്യാപിക്കുന്ന, മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here