സംസ്ഥാനം

കേരളത്തില്‍ ഏഴു ദിവസം ദു:ഖാചരണം | ഡോ. മന്‍മോഹന്‍ സിംഗിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ ഏഴു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ഈ ദിവസങ്ങളില്‍ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി.

പച്ചത്തേങ്ങ വില ഉയരുന്നു | കേരള കര്‍ഷകര്‍ക്ക് ആശ്വാസമായി പച്ചത്തേങ്ങ വില ഉയരുന്നു. ഏഴുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് കുതിച്ചിരിക്കുന്നത്. കിന്റലിന് 5200 രൂപയാണ് ഇപ്പോഴത്തെ വില.

ചീഫ് സെക്രട്ടറിയോട് പ്രശാന്തിന്റെ ഏഴു ചോദ്യങ്ങള്‍ | ആരും പരാതി നല്‍കാതെ എന്തിനു കുറ്റപത്രം തന്നുവെന്ന് ചീഫ് സെക്രട്ടറിയോട് സസ്‌പെന്‍ഷനില്‍ തുടരുന്ന എന്‍. പ്രശാന്ത് ഐ.എ.എസിന്റെ ചോദ്യം. ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോയ്ക്കാണ് ഏഴു ചോദ്യങ്ങളുമായി പ്രശാന്ത് മറുപടി നല്‍കിയത്. പരാതിക്കാരില്ല, തെളിവ് സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ ഷോട്ട്, സസ്‌പെന്‍ഷനു മുമ്പ് വിശദീകരണം ചോദിച്ചില്ല തുടങ്ങിയ വിഷയങ്ങളാണ് പ്രശാന്ത് ഉയര്‍ത്തുന്നത്.

നിയുക്ത ഗവര്‍ണര്‍ രണ്ടിന് ചുമതയേല്‍ക്കും | ബീഹാര്‍ ഗവര്‍ണറായി നിയമിതനായ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ ഡല്‍ഹിക്കു മടങ്ങും. പുതുതായി നിയമിതനായ ബീഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രണ്ടിന് കേരളത്തില്‍ ചുമതലയേല്‍ക്കും. ഒന്നിന് അദ്ദേഹം കേരളത്തിലെത്തും.

പുനരധിവാസത്തിനു എസ്‌റ്റേറ്റു ഭൂമി ഏറ്റെടുക്കാം | വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനു മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ രണ്ട് എസ്‌റ്റേറ്റുകളുടെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്നു ഹൈക്കോടതി. ഉടമകള്‍ക്കു മതിയായ നഷ്ടപരിഹാരം മുന്‍കൂര്‍ നല്‍കണം.

മുനമ്പത്തെ 1902 ലെ രേഖകള്‍ ഹാജരാക്കണം | മുനമ്പത്തെ തര്‍ക്ക ഭൂമിയുടെ 1902 ലെ രേഖകള്‍ ഹാജരാക്കാന്‍ ഫാറൂഖ് കോളജ് അധികൃതര്‍ക്കും സിദ്ദിഖ് സേ്ട്ടിനും വഖഫ് ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കി. തിരുവിതാംകൂര്‍ രാജാവ്, സേഠ് കുടുംബത്തിന് പാട്ടമായാണോ ഭൂമി നല്‍കിയതെന്ന് ചോദിച്ച ട്രൈബ്യൂണല്‍ പാട്ട കരാറാണെങ്കില്‍ വഖഫ് ആധാരം നിലനില്‍ക്കില്ലെന്നും നിരീക്ഷിച്ചു. വടക്കന്‍ പറവൂര്‍ സബ് കോടതി മുതല്‍ ഹൈക്കോടതിയില്‍ വരെ പതിറ്റാണ്ടുകളായി തുടരുന്ന ഭൂ പ്രശ്നത്തിലാണ് ട്രൈബ്യൂണലിന്റെ സുപ്രധാന നിരീക്ഷണം. തിരുവിതാംകൂര്‍ രാജാവ് പാട്ടത്തിന് നല്‍കിയതാണെന്നും വഖഫ് ട്രൈബ്യൂണലില്‍ ഫാറൂഖ് കോളേജ് നിലപാടെടുത്തു. ഭൂമി വഖഫ് ആണെന്ന് അവകാശപ്പെടുന്ന സത്താര്‍ സേട്ടിന്റേയും സിദ്ദിഖ് സേട്ടിന്റേയും പിന്മുറക്കാര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശമില്ല. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

വയനാട് ഡിസിസി ട്രഷറും മകനും മരിച്ചു | വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയനും (78) മകന്‍ ജിജേഷും (38) മരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തുചെന്ന നിലയില്‍ വീട്ടിനുള്ളില്‍ കാണപ്പെട്ട ഇരുവരേയും ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചത്. ദീര്‍ഘകാലം ബത്തേരി പഞ്ചായത്തിന്റെ പ്രസിഡന്റായിരുന്നു എന്‍.എം.വിജയന്‍. സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകന്‍ ജിജേഷ്.

യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ എക്സൈസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍ | യുവതിയോട് ലൈംഗിക ചുവയോടെ അപമര്യാദയായി പെരുമാറുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത എക്സൈസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ജയപ്രകാശിനെ ആണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയോടാണ് അപമാര്യാദയായി പെരുമാറിയത്.

ദേശീയം

മന്‍മോഹന്‍സിംഗിന്റെ അന്ത്യകര്‍മ്മം നിഗംബോധ്ഘട്ടില്‍ | മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് രാവിലെ 11.45ന് നിഗംബോധ്ഘാട്ടില്‍ അന്ത്യകര്‍മ്മം. മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്നു രാവിലെ എട്ടോടെ മൃതദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തിക്കും. ഭരണത്തലവന്മാര്‍ക്കു നല്‍കാറുള്ള 21 ആചാരവെടികള്‍ ഉള്‍പ്പെടെ പൂര്‍ണ സൈനിക ബഹുമതിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിട്ടുള്ളത്.

സംസ്ഥാനത്തെ ആളോഹരി ചെലവ് നഗര, ഗ്രാമ മേഖലകളില്‍ വര്‍ദ്ധിക്കുന്നു | കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കേരളത്തിലെ പ്രതിമാസ ആളോഹരി ചെലവ് ഗ്രാമമേഖലയില്‍ 6,611 രൂപയും നഗരങ്ങളില്‍ 7783 രൂപയുമായി ഉയര്‍ന്നു. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമേഖലയില്‍ 687 രൂപയും നഗരമേഖലയില്‍ 128 രൂപയും വര്‍ദ്ധിച്ചു.

ജീവനക്കാരുടെ ആസ്തി രഹസ്യവിവരമല്ല | സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും സംബന്ധിച്ച വിശദാംശങ്ങള്‍ സ്വകാര്യ വിവരമായി കണക്കാക്കി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുജന സേവകരാണെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

ചാട്ടവാര്‍കൊണ്ടു പ്രഹരിച്ച് അണ്ണാമലൈ സമരം | അണ്ണാ സര്‍വകലാശാലാ ക്യാമ്പസില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ അണ്ണാമലൈയുടെ ചാട്ടവാര്‍ പ്രഹരസമരം. ഡിഎംകെ സര്‍ക്കാരിനെ താഴെ ഇറക്കാതെ ചെരിപ്പിടില്ലെന്ന് വ്യാഴാഴ്ച വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്തശേഷമാണ് ഇന്നലെ എട്ടു ചാട്ടവാര്‍ അടി സ്വയം ചെയ്ത് മുരുകനു വഴിപാട് നടത്തിയത്.

പാര്‍ലമെന്റിനു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച യുവാവ് മരിച്ചു | പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ജിതേന്ദ്ര (26) യാണ് മരിച്ചത്. ബുധനാഴ്ചയാണ് ജിതേന്ദ്ര പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തിയത്. ഡല്‍ഹിയിലെ ആര്‍എംഎല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഉത്തര്‍ പ്രദേശ് പോലീസ് തനിക്കെതിരെ രജിസ്റ്റര്‍ കേസുകളില്‍ കൃത്യമായി അന്വേഷണം നടത്തുന്നില്ലെന്നാണ് ആശുപത്രിയിലെത്തിയ ഡല്‍ഹല പോലീസിന് ഇദ്ദേഹം നല്‍കിയ മരണമൊഴി.

വിദേശം

ഒസാമു സുസുക്കി അന്തരിച്ചു | മാരുതി 800 കാറിന്റെ ശില്‍പ്പിയും ഇന്ത്യയില്‍ കുടുംബ വാഹന വിപ്ലവത്തിനു തുടക്കമിട്ട മാരുതി സുസുക്കി സ്ഥാപകന്‍ ഒസാമു സുസുക്കി (94) ജപ്പാനിലെ ഷിസുവോക്കയില്‍ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെയാണ് ക്രിസ്മസ് ദിനത്തിലെ അന്ത്യയാത്ര.

കായികലോകം

കേരളം സെമിയില്‍ | കരുത്തരായ ജമ്മു – കശ്മീരിനെ തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. നാളെ വൈകീട്ട് 7.30 ന് ഗച്ചിബൗളി സ്റ്റേഡിയത്തില്‍ നടക്കുന്ന സെമിയില്‍ മണിപ്പൂരാണ് കേരളത്തിന്റെ എതിരാളികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here