സംസ്ഥാനം
കാലാവസ്ഥ | തെക്കു കിഴക്കന്‍ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.
വി.എസിനു പിന്നാലെ ഇ.പിയും… ഉപതെരഞ്ഞെടുപ്പ് ദിനം സി.പി.എമ്മിനെ വെട്ടിലാക്കി | ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിസന്ധിയിലാക്കി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്റെ ആത്മകഥാ പ്രകാശനബോംബ്. കട്ടന്‍ചായയും പരിപ്പുവടയും – ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനവാര്‍ത്തയും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നു വരെയുള്ള പുസ്തത്തിലെ പരാമര്‍ശങ്ങളും പുറത്തുവന്നു. പുറത്തുവന്ന വിവാദഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്നു ഇ.പി. അവകാശപ്പെട്ടു. പ്രസിദ്ധീകരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇന്നലെ രാവിലെ 10.30ന് പുസ്തകത്തിന്റെ പ്രകാശം നടക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു ഡി.സി. ബുക്‌സ് പിന്നാലെ പിന്‍മാറുകയും ചെയ്തു. നിര്‍മ്മിതിയിലുള്ള സാങ്കേതികപ്രശ്‌നമാണ് പ്രധാനം നീട്ടി വയ്ക്കാനുള്ള കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.
വയനാട്ടില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗ് | പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ദേശീയ ചര്‍ച്ചയായ വയനാട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലരൂപീകരണത്തിനു ശേഷമുള്ള ഏറ്റവും കുറവ് പോളിംഗ്. മാസങ്ങള്‍ക്കു മുമ്പു നടന്ന തെരഞ്ഞെടുപ്പില്‍ 73.57 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ ഇക്കുറി 64.72 ശതമാനത്തില്‍ അവസാനിച്ചു. ചേലക്കരയിലും പോളിംഗ് കുറഞ്ഞു. ഇത്തവണ 72.77 ശതമാനമെന്നാണ് പ്രാഥമിക കണക്കുകള്‍. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, 1,54,356 വോട്ടുകളാണ് ഇന്നലെ വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം ചേലക്കരയില്‍ പോള്‍ ചെയ്തത്. ജാര്‍ഖണ്ഡിലെ 43 മണ്ഡലങ്ങളിലേക്കു നടനന ആദ്യഘട്ട വോട്ടെടുപ്പില്‍ 66.16 ശതമാനം പേരാണ് ബൂത്തിലെത്തിയത്.
ടിയാനു സ്ത്രീലിംഗമായി ടിയാരി ഉപയോഗിക്കരുത് | ഔദ്യോഗിക ഭരണരംഗത്ത് ‘ടിയാന്‍” എന്ന പദത്തിന് സ്ത്രീലിംഗമായി ‘ടിയാരി’ എന്ന് ഉപയോഗിക്കരുതെന്ന് നിയമ വകുപ്പ് ഉത്തരവിറക്കി. ഭാഷാ മാര്‍ഗനിര്‍ദേശക വിദഗ്ധസമിതിയുടെ യോഗ തീരുമാനമാണ് ഉത്തരവായി ഇറങ്ങിയിരിക്കുന്നത്. മേല്‍പ്പടിയാന്‍ അല്ലെങ്കില്‍ പ്രസ്തുത ആള്‍ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന ടിയാന്‍’ എന്നതിന്റെ സ്ത്രീലിംഗമായി ടിയാള്‍ എന്നതിനു പകരം ടിയാരി എന്ന് ഉപയോഗിക്കുന്നത് അനുചിതമാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അനുമതിയില്ലാതെ ആനകളെ കൊണ്ടുവരരുത് | മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് അനുമതിയില്ലാതെ ആനകളെ കൊണ്ടുവരാനാകില്ലെന്ന് ഹൈക്കോടതി. ആനകളുടെ ദുരിതവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. ആനകളെ എഴുന്നളളിക്കുന്നത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരമായിരിക്കും മാര്‍ഗരേഖയിറക്കുകയെന്നും ഹൈക്കോടതി വ്യക്തമാക്കി.
കൊടകര കള്ളപ്പണക്കേസ് അന്വേഷിക്കാന്‍ എട്ടംഗ സംഘം | കൊടകര കള്ളപ്പണ കേസ് എട്ടംഗ സംഘം അന്വേഷിക്കുമെന്ന് ഡിജിപി ഉത്തരവിറക്കി. കൊടകര ദേശീയ പാതയില്‍ വച്ച് കാറില്‍ കൊണ്ടുപോവുകയായിരുന്ന മൂന്നരക്കോടി രൂപ ക്രിമിനല്‍ സംഘം തട്ടിയെടുത്ത സംഭവത്തിലാണ് അന്വേഷണം. ഇത് ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
ദേശീയം
ജഡ്ജിയുടെ റോള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് വീട് ഇടിച്ചു നിരത്തണ്ട | കൈയ്യേറ്റം ഒഴിപ്പിക്കലിനു രാജ്യത്താകെ ബാധകമാകുന്ന മാര്‍ഗരേഖ പുറപ്പെടുവിച്ചു സുപ്രീം കോടതി. മറുപടി നല്‍കാന്‍ 15 ദിവസം സാവകാശമുള്ള മുന്‍കൂര്‍ നോട്ടീസ് നല്‍കി മാത്രമേ ആരുടെ കെട്ടിടവും ഇനി ഇടിച്ചു നിരത്താനാകൂ. മാര്‍ഗരേഖ ലംഘിച്ച് ഇടിച്ചുനിരത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കു പിഴ ചുമത്തുകമാത്രമല്ല, സ്വന്തം ചെലവില്‍ പൊളിച്ച കെട്ടിടം പൂര്‍വരൂപത്തിലാക്കി കൊടുക്കുകയും വേണം. കേസില്‍പെട്ടതുകൊണ്ട് മാത്രം ബുര്‍ഡോസര്‍ കയറ്റി കിടപ്പാടം ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ജഡ്ജിയുടെ റോളെടുത്ത് ശിക്ഷ വിധിക്കാനാകില്ല. ഇത് ക്രിമിനല്‍ നീതിന്യായ സംവിധാനത്തിനും നിയമവാഴ്ചയ്ക്കും സ്വാഭാവിക നീതിക്കും എതിരാണെന്ന്് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ചരിത്ര വിധിയില്‍ വ്യക്തമാക്കി. പൗരന്മാര്‍ക്ക് സമ്പൂര്‍ണമായ നീതി ഉറപ്പാക്കാന്‍ ഭരണഘടനയിലെ 142ാം അനുച്ഛേദം നല്‍കുന്ന സവിശേഷാധികാരമാണ് സുപ്രീംകോടതി പ്രയോഗിച്ചത്. ജീവിക്കാനുള്ള മൗലികാവകാശത്തില്‍ സുരക്ഷിത താമസവും ഉള്‍പ്പെടുന്നു.
ഇന്ത്യന്‍ ജി.പി.എസ് നാവിക് ജനങ്ങളിലേക്ക് | ഇന്ത്യന്‍ ജി.പി.എസായ ‘നാവികി’ന്റെ സേവനം ജനങ്ങളിലേക്കുത്തുന്നു. 2014 മുതല്‍ പ്രതിരോധ സേവനങ്ങള്‍ക്കും, 2019 മുതല്‍ ദേശീയ ലോജിസ്റ്റിക് സേവനങ്ങള്‍ക്കും നാവിക് ഉപയോഗിക്കുന്നുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ഏഴ് ഐ.ആര്‍.എന്‍.എസ്.എസ് ഉപഗ്രഹങ്ങളിലൂടെയാണ് ഇത് ലഭ്യമാക്കുന്നത്. 2020 മുതല്‍ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉപഗ്രഹങ്ങളിലെ അറ്റോമിക് ക്‌ളോക്കിന്റെ കൃത്യതക്കുറവ് കാരണം വൈകുകയായിരുന്നു. കഴിഞ്ഞ മേയില്‍ ഇവയെല്ലാം പരിഹരിച്ചശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യയ്ക്കു പുറമേ അമേരിക്ക, റഷ്യ, യൂറോപ്പ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സ്വന്തം ഗതിനിര്‍ണയ സംവിധാനമുള്ളത്.
സിഐഎസ്എഫിന്റെ ആദ്യ വനിതാ ബറ്റാലിയന് അംഗീകാരം | സി.ഐ.എസ്.എഫിന്റെ ആദ്യ വനിതാ ബറ്റാലിയന് അംഗീകാരം നല്‍കി കേന്ദ്രസര്‍ക്കാര്‍. സി.ഐ.എസ്.എഫിന്റെ ആദ്യ ഓള്‍ വിമന്‍ ബറ്റാലിയന്‍ സ്ഥാപിക്കാന്‍ മോദി സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സാമൂഹ്യമാധ്യമമായ എക്സില്‍ കുറിച്ചു.
വിദേശം
സമാന്ത ഹാര്‍വിക്ക് ബുക്കാര്‍ | ബഹിരാകാശ ഭ്രമണപഥത്തിലുടെ ഭൂമിയെ നോക്കിക്കണ്ട ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വിയുടെ ( 45) ‘ഓര്‍ബിറ്റല്‍’ എന്ന കുഞ്ഞുനോവലിന് ബുക്കര്‍ പ്രൈസ്. കോവിഡ് ലോക്ഡൗണ്‍ കാലത്താണ് നോവല്‍ ജനിച്ചത്. അടച്ചിട്ടമുറിയില്‍ ഇരുന്ന് ബഹിരാകാശത്താണെന്ന് സ്വയം സങ്കല്‍പ്പിച്ച് സാമന്ത ഭൂമിയെ നോക്കിക്കാണുകയാണ് സാമന്ത ഹാര്‍വി നോവലില്‍. ബഹിരാകാശ നിലയത്തില്‍ ആറ് സാങ്കല്‍പ്പിക സഞ്ചാരികളുടെ ഒരു ദിവസത്തെ ജീവിതാനുഭവങ്ങളാണ് പ്രമേയം. 50,000 പൗണ്ട് ( 53 ലക്ഷം രൂപ ) ആണ് അവാര്‍ഡ് സമ്മാനത്തുക. 2019ന് ശേഷം ബുക്കര്‍നേടുന്ന ആദ്യ വനിതയും ബുക്കര്‍ നേടുന്ന 18ാമത്തെ വനിതയുമാണ്.
കായികലോകം
മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം | ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആവേശകരമായ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 11 റണ്‍സിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മാര്‍ക്കോ യാന്‍സന്റെയും ഹെന്റിച്ച് ക്ലാസന്റെയും വെടിക്കെട്ട് ബാറ്റിംഗിന് മുന്നില്‍ പതറാതെ നിന്ന ഇന്ത്യ അവസാന നിമിഷം വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാമത്തെ ഓവറില്‍ മാര്‍ക്കോ യാന്‍സന്‍ 26 റണ്‍സെടുത്തതോടെ ദക്ഷിണാഫ്രിക്ക വിജയം കൈപ്പിടിയിലൊതുക്കുമെന്ന പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും ഇരുപതാമത്തെ ഓവറില്‍ മൂന്നാമത്തെ പന്തില്‍ യാന്‍സനെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് കളി ഇന്ത്യക്കനുകൂലമാക്കി. നേരത്തെ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളിലൂടെ റെക്കോര്‍ഡിട്ട സഞ്ജു സാംസണ്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും റണ്ണൊന്നുമെടുക്കാതെ പുറത്തായെങ്കിലും 56 പന്തില്‍ 107 റണ്‍സെടുത്ത തിലക് വര്‍മയുടേയും 25 പന്തില്‍ 50 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടേയും കരുത്തില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തിരുന്നു. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. നാലാമത്തെ മത്സരം നാളെയാണ്.