സംസ്ഥാനം
വഖഫ് നിയമഭേദഗതിയിലെ 52 എ വകുപ്പിന് മുന്‍കാല പ്രാബല്യമില്ല | വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചാല്‍ കൈയേറ്റക്കാരായി കാണാമെന്നും രണ്ടുവര്‍ഷം വരെ തടവിന് ശിക്ഷിക്കാമെന്നും വ്യവസ്ഥ ചെയ്യുന്ന 2013ലെ വകുപ്പ് 52 എ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ല. വഖഫ് ഭൂമി കൈവശം വച്ചെന്ന പേരില്‍ തപാല്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ വിധി. മുനമ്പം, ചാവക്കാട്, വയനാട് അടക്കമുള്ള മേഖലകളില്‍ വഖഫ് ബോര്‍ഡ് ഭൂമിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിര്‍ണായകമായ ഉത്തരവാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ആര് എതിര്‍ത്താലും വഖഫ് ബില്‍ പാസാക്കുമെന്നും ക്ഷേത്രങ്ങളുടെയും ഗ്രാമീണരുടെയും ഭൂമി വഖഫ് ബോര്‍ഡ് തട്ടിടെയുക്കുന്നവെന്നും മാറ്റത്തിനു സമയമായെന്നും ജാര്‍ഖണ്ഡിലെ ബഗ്മാരയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.
ചേലക്കരയില്‍ അര്‍വറിന്റെ വിവാദ പത്രസമ്മേളനത്തില്‍ കേസ് എടുക്കും | നിശബ്ദ പ്രചാരണത്തിനിടെ, പത്രസമ്മേളനത്തിനൊരുങ്ങിയ പി.വി. അന്‍വറിനെ തടയാനെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ അന്‍വര്‍ വെല്ലുവിളിച്ചു. ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ ചേലക്കര പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ച് റിട്ടേണിംഗ് ഓഫീസര്‍. കേസെടുക്കാന്‍ വടക്കാഞ്ചേരി പോലീസ് ഇന്ന് കോടതിയുടെ അനുമതി തേടും.
ഉപതെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുകയെന്നും എന്നാല്‍ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയില്‍ ചെലവഴിച്ചതെന്നും അന്‍വര്‍ പറഞ്ഞു.
ചേലക്കരയില്‍ 19.70 ലക്ഷം പിടികൂടി | ചേലക്കര മണ്ഡലത്തിലെ ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിനു സമീപം നടന്ന വാഹനപരിശോധനയില്‍ 19.70 ലക്ഷം രൂപ പിടികൂടി. വീടു നിര്‍മ്മാണത്തിനായി ബാങ്കില്‍ നിന്ന് പിന്‍വലിച്ച പണമാണെന്ന കുളപ്പുളളി സ്വദേശി സി.സി. ജയന്റെ വിദശീകരണം ബാങ്ക് മാനേജറും സ്ഥിരീകരിച്ചിട്ടുണ്ട്.
അവധിയില്‍ തുടരുന്ന നഴ്‌സുമാര്‍ക്ക് അച്ചടക്ക നടപടി നോട്ടീസ് | മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ ദീര്‍ഘടാമായി അവധിയില്‍ തുടരുന്ന 84 നഴ്‌സുമാരെ പിരിച്ചുവിടാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നടപടി തുടങ്ങി. അച്ചടക്ക നടപടി നോട്ടീസ് പ്രസിദ്ധീകരിച്ചു. ജോലി നിലനിര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ 15 ദിവസത്തിനകം മറുപടി നല്‍കണം.
മുന്‍മന്ത്രി എം.ടി. പത്മ അന്തരിച്ചു | മുന്‍മന്ത്രി എം.ടി പത്മ മുംബൈയില്‍ മകളുടെ വസതിയില്‍ അന്തരിച്ചു. മൃതദേഹം ഇന്ന് ഉച്ചയോടെ കോഴിക്കോട് എത്തിക്കും.
വയനാടും ചേലക്കരയും ഇന്ന് ബൂത്തില്‍ | വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും ഇന്ന് ഉപതെരഞ്ഞെടുപ്പ്.
ദുരന്തത്തിലെ പേരില്‍ പണം തട്ടിയ 3 സി.പി.എമ്മുകാര്‍ക്കെതിരെ കേസ് | വയനാട് ദുരിത ബാധിതര്‍ക്കായി ആലപ്പുഴയില്‍ ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തില്‍ കായംകുളം പുതുപ്പള്ളി മുന്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെ കായംകുളം പോലീസ് കേസെടുത്തു. 1200 ഓളം ബിരിയാണി നല്‍കി ദുരിതബാധിതര്‍ക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തെന്ന് എഫ്‌ഐആര്‍.
കൗണ്‍സിലറെ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിച്ചു ? | ഫറോക്ക് നഗരസഭയില്‍ ആര്‍ജെഡിയില്‍ നിന്ന് മുസ്ലിം ലീഗില്‍ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗണ്‍സിലര്‍മാര്‍ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണം. ആര്‍ജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗില്‍ ചേര്‍ന്നത് ഇതിനെ തുടര്‍ന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങള്‍ ചെരുപ്പ് മാല ഇടാന്‍ ശ്രമിച്ചത്. ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തിനിടെയായിരുന്നു സംഭവം.
ചെന്നിത്തല കണ്ടെത്തിയ അഴിമതികള്‍ പുസ്തമാക്കുന്നു | ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടുവന്ന അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു. സ്പ്രിംഗ്ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അഴിമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധു നിയമനം വരെയുള്ള അഴിമതികളാണ് പുസ്തകത്തിലുള്ളത്. ഈ അഴിമതികള്‍ കണ്ടു പിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടു വന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകം തയ്യാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ ബി.വി.പവനനാണ്.
സിദ്ദിഖിന്റെ ഇടക്കാലജാമ്യം രണ്ടാഴ്ച കൂടി തുടരും | ബലാല്‍സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിന്റെ അഭിഭാഷകന്‍ മുകുള്‍ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം വാദം കേള്‍ക്കണമെന്ന് റോതഗി ആവശ്യപ്പെടുകയായിരുന്നു.
സ്വര്‍ണ്ണവില കുറഞ്ഞു | സംസ്ഥാനത്ത് സ്വര്‍ണ്ണവില പവന് 1080 രൂപ കുറഞ്ഞ് പവന്‍ വില 56680 ആയി.
ദേശീയം
1000 കി. മീറ്റര്‍ പരിധിയുള്ള ക്രൂസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു | 1000 കി. മീറ്റര്‍ ദൂരപരിധിയുള്ള ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍ (എല്‍.ആര്‍.എല്‍.എ.സി.എം) ഒഡീഷ തീരത്തെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐ.ടി.ആര്‍) കന്നി പരീക്ഷണം വിജയകരമായി നടത്തി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ച മിസൈല്‍ പരീക്ഷണ വേളയില്‍ എല്ലാ ഘടകങ്ങളും പ്രതീക്ഷിച്ചതുപോലെ പ്രവര്‍ത്തിക്കുകയും പ്രാഥമിക ദൗത്യ ലക്ഷ്യങ്ങള്‍ നിറവേറ്റുകയും ചെയ്തുവെന്ന് ഡി.ആര്‍.ഡി.ഒ വ്യക്തമാക്കി. ബംഗളൂരുവിലെ എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് വികസിപ്പിച്ച മിസൈല്‍ കപ്പലുകളില്‍ നിന്നടക്കം ആയിരം കിലോമീറ്റര്‍ അകലെയുള്ള കര ലക്ഷ്യങ്ങളിലേക്ക് തൊടുക്കാനാകും.
ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് | ജാര്‍ഖണ്ഡ് നിയമസഭയിലെ ആകെയുള്ള 81 സീറ്റില്‍ 43 ഇടത്തും ഇന്നു വോട്ടെടുപ്പ് പൂര്‍ത്തിയാകും. അസം (5), ബിഹാര്‍ (4), ചത്തീസഗഡ് (1), ഗുജറാത്ത് (1), കര്‍ണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാന്‍ (7), സിക്കിം (2), ബംഗാള്‍ (6) എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
ജലമലിനീകരണത്തിനു ഇനി പിഴ മാത്രം | 1947 ലെ നിയമത്തില്‍ ജലനിയമ ലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന ഭേദഗതി പ്രാബല്യത്തില്‍. ക്രിമിനല്‍ കുറ്റത്തിനു പകരം 10,000 മുതല്‍ 15 ലക്ഷം രൂപവരെ പിഴ ഈടാക്കാനാണ് ഭേദഗതി നിര്‍ദേശിക്കുന്നത്.
വിദേശം
മൈക്കിള്‍ വാള്‍ട്സ് യു.എസ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് | മൈക്കിള്‍ വാള്‍ട്സിനെ യു.എസിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ജോര്‍ജ്ജ് ബുഷ് ഭരണ കാലത്ത് പെന്റഗണിലും വൈറ്റ് ഹൗസിലും പ്രതിരോധ നയ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുള്ള മൈക്കിള്‍ വാള്‍ഡ്സ് മുന്‍ സൈനിക ഉദ്യോഗസ്ഥനും ചൈനയുടെ കടുത്ത വിമര്‍ശകനുമാണ്.
കായിക ലോകം
കായികമേള വിവാദത്തില്‍ സ്‌കൂളുകള്‍ കോടതിയിലേക്ക് | കായിക മേളയില്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍ ജനറല്‍ സ്‌കൂള്‍ വേര്‍തിരിവില്ലെന്ന ഔദ്യോഗിക വിശദീകരണം തള്ളി പ്രതിഷേധിക്കുന്ന സ്‌കൂളുകള്‍. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതിലെ എതിര്‍പ്പില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ആലോചന. അതേസമയം, കായികമേള അലങ്കോലപ്പെടുത്താന്‍ ആസൂത്രിത നീക്കം നടന്നുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പ്രതികരിച്ചു.
ജോലിക്കാര്യം
കേരളയുടെ ഗസ്റ്റ് അധ്യാപക നിയമപട്ടിക കോടതി കയറുന്നു | കേരള സര്‍വകലാശാലയില്‍ 12 ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കാന്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ച പട്ടികയ്‌ക്കെതിരെ വി.സി. ഡോ. മോഹനന്‍ ക്ുന്നുമ്മേല്‍ ഹൈക്കോടതിയിലേക്ക്്. റാങ്ക് ലിസ്റ്റ് യു.ജി.സി ചട്ടം ലംഘിച്ചാണ് തയ്യാറാക്കിയതെന്ന് വി.സി സത്യവാങ്മൂലം നല്‍കും. യു.ജി.സി ചട്ടപ്രകാരം ഇന്റര്‍വ്യൂ ബോര്‍ഡിന്റെ അദ്ധ്യക്ഷന്‍ വി.സിയോ, വി.സി ചുമതലപ്പെടുത്തുന്ന പ്രൊഫസറോ ആകേണ്ടതുണ്ട്. സീനിയര്‍ പ്രൊഫസറെ അദ്ധ്യക്ഷനാക്കണമെന്ന വി.സിയുടെ നിര്‍ദ്ദേശം തള്ളിയാണ് സിന്‍ഡിക്കേറ്റ് അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗവും ജില്ലാസെക്രട്ടറിയുമായ ജെ.എസ് ഷിജുഖാനെ അദ്ധ്യക്ഷനാക്കിയത്. മുന്‍കാലങ്ങളില്‍ സിന്‍ഡിക്കേറ്റംഗമായിരുന്നു അദ്ധ്യക്ഷനെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. സിന്‍ഡിക്കേറ്റ് ലിസ്റ്റ് അംഗീകരിക്കുകയും ചെയ്തിരുന്നു.