സംസ്ഥാനം
കാലാവസ്ഥ | സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നും മഴയ്ക്ക് സാധ്യത.
മകരവിളക്ക് നാളെ | മാരവിളക്ക് ദിനമായ നാളെ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ മലകയറ്റത്തിനും പതിനെട്ടാംപടി കയറിയുള്ള ദര്‍ശനത്തിനും നിയന്ത്രണം ഉണ്ടാകും. രാവിലെ 10നുശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല.
അതിരൂപതാ ആസ്ഥാനത്തെ സമരം അവസാനിപ്പിച്ചു | എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്തു ഒരു വിഭാഗം വൈദികര്‍ നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കാന്‍ അപ്പോസ്തലിക് വികാരി മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്നാണ് രാത്രിവൈകി വികാരിയും പ്രതിഷേധക്കാരും തമ്മില്‍ ചര്‍ച്ചയ്ക്ക് വഴി തെളിഞ്ഞത്.
കായികതാരത്തെ 60 പേര്‍ പീഡിപ്പിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം | പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥ പ്രത്യേക സംഘം രൂപീകരിച്ചു. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മുപ്പത് പിന്നിട്ടു.
പീച്ചി ഡാമില്‍ വീണ 4 വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മരിച്ചു | പീച്ചി ഡാമിന്റെ റിസര്‍വോയറിന്റെ കൈവഴിയില്‍ വെള്ളത്തില്‍ മുങ്ങിയ വിദ്യാര്‍ത്ഥിനി മരിച്ചു. ഒപ്പം അപകടത്തില്‍പ്പെട്ട മൂന്നു പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
ആര്‍ നാസര്‍ വീണ്ടും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി | സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി ആര്‍. നാസറിനെ തുടര്‍ച്ചയായി മൂന്നാം തവണയും തെരഞ്ഞെടുത്തു. എം.എല്‍.എമാരായ യു. പ്രതിഭ, എം.എസ്. അരുണ്‍കുമാര്‍ എന്നിവര്‍ അടക്കം അഞ്ചു പേര്‍ ജില്ലാകമ്മിറ്റിയിലെത്തി.
സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്താല്‍ കര്‍ശന നടപടി | സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന വാക്കോ നോക്കോ പ്രവൃത്തിയോ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ പൊതുയിടങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും അവിടെ തെറ്റായ നോട്ടമോ തെറ്റായ രീതികള്‍ സ്വീകരിക്കലോ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതെല്ലാം കര്‍ക്കശമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യം തേടി | സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയില്‍ രാഹുല്‍ ഈശ്വര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്ന് പരിഗണിക്കും.
ദേശീയം
വന്യമൃഗശല്യത്തില്‍ കേന്ദ്രം ഇടപെടുന്നു | ജനവാസ മേഖലയിലെ വന്യമൃഗശല്യത്തില്‍ രാജ്യം മുഴുവന്‍ ബാധകമാകുന്ന പൊതുനടപടിക്രമത്തിന് കേന്ദ്രം തയാറെടുക്കുന്നു. വിദഗ്ധരും സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി രൂപരേഖ തയാറാക്കാന്‍ വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. ഓരോ ജീവികളെയും കണക്കിലെടുത്താകും ദീര്‍ഘകാല പദ്ധതികള്‍ തയാറാക്കുക.
ഡോക്കിംഗ് പരീക്ഷണം നീട്ടിവച്ചു | ബഹിരാകാശത്തു ഇരട്ട ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന ഡോക്കിംഗ് പരീക്ഷണം ഐ.എസ്.ആര്‍.ഒ മാറ്റിവച്ചു. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍വരെ കുറച്ചശേഷമാണ് അവസാന നിമിഷം തീരുമാനം മാറ്റിയത്.
മഹാകുംഭമേളയ്ക്ക് തുടക്കമായി | മഹാ കുംഭമേളയ്ക്കായി ഒരുങ്ങി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി ക്ഷണിച്ചു. 40 കോടിയിലധികം തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.
വിദേശം
ജയശങ്കര്‍ പങ്കെടുക്കും | ജനുവരി 20നു അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ പങ്കെടുക്കും.