സംസ്ഥാനം
സ്മാര്‍ട്ട് സിറ്റിയില്‍ നിന്ന് ടീകോം പടിയിറങ്ങുന്നു | ദുബായ് ടീകോം ഇന്‍വെസ്റ്റ്‌മെന്റ്‌സിനെ കൊച്ചി സ്മാര്‍ട്ട് സിറ്റി സംയുക്ത ഐ.ടി പദ്ധതിയില്‍ നിന്ന് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പദ്ധതിക്കു പാട്ടത്തിനു നല്‍കിയ 246 ഏക്കര്‍ സര്‍ക്കാര്‍ തിരിച്ചു പിടിക്കും. പദ്ധതി തുടങ്ങി 13 വര്‍ഷം പിന്നിടുമ്പോഴും കാര്യമായ നിക്ഷേപമോ പ്രതിക്ഷിച്ച 90,000 തൊഴിലോ യാഥാര്‍ത്ഥ്യമായിട്ടില്ല.
ഹെലി ടൂറിസം നയത്തിന് അംഗീകാരം | ടൂറിസം കേന്ദ്രങ്ങളില്‍ ഹെലികോപ്ടര്‍ സര്‍വീസ് ശൃംഖല സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തിന്റെ ഹെലി ടൂറിസം നയത്തിനു മന്ത്രിസഭ അംഗീകാരം നല്‍കി.
സത്യപ്രതിജ്ഞ ചെയ്ത് എം.എല്‍.എമാരായി | ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ആര്‍. പ്രദീപ്, രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവര്‍ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്തു.
എഡിജിപിയെ വിജിലന്‍സ് ആറു മണിക്കൂര്‍ ചോദ്യം ചെയ്തു | അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ ബറ്റാലിയന്‍ എഡിജിപി എം.ആര്‍. അജിത് കുമാറിനെ ആറു മണിക്കൂറോളം വിജിലന്‍സ് ചോദ്യം ചെയ്തു.
വി. ഗീത മനുഷ്യാവകാശ കമ്മിഷന്‍ അംഗമാകും | സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി വി. ഗീയയെ നിയമിക്കാന്‍ തീരുമാനിച്ചു. നോണ്‍ ജുഡീഷ്യല്‍ അംഗമായിട്ടാണ് നിയമനം. വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലേക്കാണിത്.
30 ജൂറിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികകള്‍ | ആരോഗ്യവകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവിധ ജില്ലകളിലായി 30 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.
തിരൂര്‍ സതീഷിന്റെ രഹസ്യമൊഴി എടുക്കാന്‍ അനുമതി | കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാന്‍ കോടതിയുടെ അനുമതി. തൃശ്ശൂര്‍ സിജെഎം കോടതിയാണ് രഹസ്യ മൊഴിയെടുക്കാന്‍ അനുമതി നല്‍കിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. തീയതി കോടതി നിശ്ചയിച്ചിട്ടില്ല. കുഴല്‍പ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊണ്ടുവന്നുവെന്ന് മുന്‍ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.
വന്ദേഭാരത് പണിമുടക്കി | സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെ 5.30ന് ഷൊര്‍ണ്ണൂര്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടേണ്ട കാസര്‍കോട് തിരുവനന്തപുരം വന്ദേഭാരത് ട്രെയിന്‍ മൂന്നു മണിക്കൂറിലേരെ പിടിച്ചിട്ടു. സാധാരണ എഞ്ചിന്‍ കൊണ്ടുവന്നു ഘടിപ്പിച്ചാണ് വന്ദേഭാരത് യാത്ര തുടര്‍ന്നത്.
ഹൈക്കോടതിയില്‍ ഔദ്യോഗിക ആവശ്യത്തിന് ഒഴികെ ഫോണ്‍ ചെയ്യരുത് | കേരള ഹൈക്കോടതിയില്‍ ഓഫീസ് സമയത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള ഫോണ്‍ ഉപയോഗം വിലക്കി. കേരള ഹൈക്കോടതി ജീവനക്കാര്‍ ഓഫീസ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി രജിസ്ട്രാര്‍ ജനറലാണ് ഉത്തരവിറക്കിയത്. സീനിയര്‍ ഓഫീസര്‍മാര്‍ ഒഴികെയുള്ള സ്റ്റാഫംഗങ്ങള്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. പലരും ജോലി സമയത്ത് ഓണ്‍ലെന്‍ ഗെയിം കളിക്കുന്നതും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനാലാണ് രജിസ്ട്രാര്‍ ജനറല്‍ നടപടിയെടുത്തത്.
നിയമസഭയിലും നീല ട്രോളി ബാഗ്… | ഇന്നലെ എം.എല്‍.എമാരായി സത്യപ്രതിജ്ഞ ചെയ്ത രാഹുല്‍ മാങ്കൂട്ടത്തിലിനും യു.ആര്‍.പ്രദീപിനും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉപഹാരമായി ട്രോളിബാഗ് നല്‍കിയത് ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തി. സ്പീക്കര്‍ നല്‍കിയ ബാഗിന്റെ നിറം നീലയായതാണ് കാരണം. പാലക്കാട്ടെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ നീല ട്രോളിബാഗ് വിവാദവുമായാണ് ഇതിനെ കൂട്ടിക്കെട്ടിയത്.
ദേശീയം
പുകയില മുന്നറിയിപ്പ് പരസ്യം ചുമപ്പില്‍ വെള്ള അക്ഷരത്തില്‍ | പുകയില ഉല്‍പ്പനങ്ങളുടെ പരസ്യത്തില്‍ അപകട മുന്നറിയിപ്പ് ഇനി മുതല്‍ ചുമന്ന പ്രതലത്തില്‍ വെളുത്ത നിത്തിലാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
ക്രിമിനല്‍ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കാന്‍ പിഴത്തുക കെട്ടിവയ്‌ക്കേണ്ടതില്ല | ക്രിമിനല്‍ കേസുകളിലെ അപ്പീലില്‍ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവയ്ക്കണമെന്ന ഉപാധി പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50000 രൂപയുടെ പിഴ കെട്ടി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണെന്നും അതുകൊണ്ട് അപ്പീലില്‍ പിഴയും ചോദ്യം ചെയ്യപ്പെടുകയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പഞ്ചാബില്‍ സുഖ്ബീര്‍ സിംഗ് ബാദലിനുനേരെ വധശ്രമം | പഞ്ചാബ് മുന്‍ മുഖ്യന്ത്രിയും അകാലിദള്‍ നേതാവുമായ സുഖ്ബീര്‍ സിംഗ് ബാദലിനു (62) നേരെ അമൃത്സറിലെ സുവര്‍ണക്ഷേത്ത്രില്‍ വധശ്രമം. നരെയ്ന്‍ സിംഗ് ചൗരയെന്ന ഖലിസ്ഥാന്‍വാദിയാണ് ക്ഷേത്ര കവാടത്തില്‍ വീല്‍ചെയറില്‍ ഇരിക്കുകയായിരുന്ന അദ്ദേഹത്തെ വെടിവച്ചത്.
അസമില്‍ ബീഫ് നിരോധിച്ചു | ഹോട്ടലുകളിലും പൊതുസ്ഥലത്തും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും അസമില്‍ നിരോധിച്ചു. പൊതുപരിപാടികളിലും ബീഫ് നിരോധനമുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
രാഹുലിന്റെ സംഭല്‍ യാത്ര തടഞ്ഞു | വെടിവയ്പ്പില്‍ നാലു പേര്‍ മരണപ്പെട്ട സംഭലിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ യാത്ര ഡല്‍ഹി അതിര്‍ത്തിയായ ഗാസിപ്പൂരില്‍ തടഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവിന്റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും പോലീസ് ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും രാഹുല്‍ ആരോപിച്ചു.
മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിന് മൂന്നാം മൂഴം | അനിശ്ചിതത്വത്തിനൊടുവില്‍ മഹാരാഷ്ട്ര ബിജെപിയെ നയിക്കാന്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് മൂന്നാം മൂഴം. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു.
മുണ്ടക്കൈയ്ക്കായി അമിത്ഷായെ കണ്ടു | വയനാട്ടില്‍ നാനൂറോളം പേരുടെ മരണത്തിനിടയാക്കിയ ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമെന്ന് സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രാലയങ്ങളുടെ സംയുക്ത ഉദ്യോഗസ്ഥ സംഘം റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സഹായം അനുവദിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അടിയന്തര കേന്ദ്ര സഹായം ആവശ്യപ്പെട്ട് വയനാട് എം.പി. പ്രീയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുളള പ്രതിപക്ഷ എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു.
ശാസ്ത്രലോകം
വ്യാഴത്തിനും സൂര്യനും ഇടയിലൂടെ ഭുമി കടന്നുപോകും | സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ 1.30ന് സൂര്യന് എതിരെ വരും. ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിലൂടെ കടന്നു പോകും. വ്യാഴം ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന ദിവസമാണിത്. 38 കോടി കിലോമീറ്റര്‍ അടുത്തെത്തും. അതുകൊണ്ടു തന്നെ വ്യാഴത്തെ ഏറ്റവും തിളക്കത്തില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാം. അസ്തമയത്തോടെ സൂര്യന് നേരെ കിഴക്ക് വ്യാഴം ഉദിക്കും. അര്‍ദ്ധരാത്രിയോടെ ആകാശത്ത് നേരെ മുകളില്‍ എത്തുന്ന വ്യാഴം പ്രഭാതത്തില്‍ പടിഞ്ഞാറ് അസ്തമിക്കും. സൂര്യന് നേരെ എതിര്‍ദിശയില്‍ വരുന്നതിനാല്‍ ‘ഓപ്പൊസിഷന്‍ ഒഫ് ജൂപ്പിറ്റര്‍’ എന്ന് അറിയപ്പെടുന്നു.