സംസ്ഥാനം
കേരളത്തിന് 1500 ടണ്‍ അരി | ഫുട് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഗോഡൗണുകളില്‍ ബാക്കിയുള്ള അരി സംസ്ഥാനങ്ങള്‍ക്കു പ്രത്യേക ഇളവോടെ നല്‍കാന്‍ കേന്ദ്രം അനുമതി നല്‍കി. ഇതുപ്രകാരം പുതുവല്‍സരത്തില്‍ 1500 ടണ്‍ അരി കേരളത്തിനു ലഭിക്കും.
എംടിക്ക് മലയാളത്തിന്റെ യാത്രാമൊഴി | മലയാള സാഹിത്യത്തിന്റെ കുലപതി എംടി വാസുദേവന്‍ നായര്‍ക്ക് യാത്രാമൊഴിയേകി സാംസ്‌കാരിക കേരളം. മാവൂര്‍ റോഡിലെ സ്മൃതിപഥത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആരാധകരും സ്‌നേഹിതരും അടക്കം ആയിരങ്ങള്‍ എംടിക്ക് അന്ത്യയാത്രാമൊഴിയേകി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ കോഴിക്കോട് നടക്കാവിലെ വീട്ടിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ അനുശോചിച്ചു. സംസ്ഥാനത്തിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതി അര്‍പ്പിച്ച് പോലീസ് സേന അദ്ദേഹത്തിന് വിട നല്‍കി.
ക്രിസ്മസിനു കേരളത്തില്‍ റെക്കോര്‍ഡ് കുടി | ക്രിസ്മസ് ദിനത്തിലും തലേദിവസുമായി കേരളത്തിലെ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോര്‍ഡ് മദ്യവില്‍പ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവില്‍പനയുടെ കണക്കുകളാണ് ബീവറേജസ് കോര്‍പ്പറേഷന്‍ പുറത്തുവിട്ടത്. ഡിസംബര്‍ 24, 25 ദിവസങ്ങളിലായി ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.
12000 നര്‍ത്തകരുടെ ഭരതനാട്യം | ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12,000 നര്‍ത്തകര്‍ ഒരുമിച്ചു ചേര്‍ന്ന് അവതരിപ്പിക്കുന്ന ഭരതനാട്യം 29നു കൊച്ചിയില്‍ അരങ്ങേറും. വയനാട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മൃദംഗ വിഷന്റെ നേതൃത്വത്തിലാണ് ഗിന്നസ് ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് എട്ടു മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തപരിപാടി സംഘടിപ്പിക്കുന്നത്.
ദേശീയം
ഡോ. മന്‍മോഹന്‍ സിംഗിന് വിട | ഉദാരവല്‍ക്കരണ നയങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ട സാമ്പത്തിക വിദഗ്ധന്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് (92) അന്തരിച്ചു. ഇന്നലെ ഏഴേമുക്കാലോടെ വസതിയില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ എത്തിച്ചെങ്കിലും 9.51ന് മരണപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഏഴുദിവസത്തെ ഔദ്യോഗിക ദു:ഖകചരണം പ്രഖ്യാപിച്ചു. രാവിലെ 11ന് കേന്രദമന്ത്രിസഭ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ബെളഗാവിയില്‍ ഇന്നു നടത്താനിരുന്ന റാലി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും ഉപേക്ഷിച്ചിട്ടുണ്ട്. ആറു തവണ രാജ്യസഭാംഗമായ അദ്ദേഹം 2004 മുതല്‍ 2014 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.
ബിജെപിക്കു കിട്ടിയത് 2244 കോടി, കോണ്‍ഗ്രസിന് 289 കോടി | കഴിഞ്ഞ സാമ്പത്തിക വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ കൂടുതല്‍ സംഭാവന കിട്ടിയത് ബി.ജെ.പിക്ക്. 2023-24 വര്‍ഷത്തില്‍ 2244 കോടിയാണ് കൈപ്പറ്റിയത്. കോണ്‍ഗ്രസിന് 288.9 കോടി രൂപ ലഭിച്ചു.
രാജ്യത്ത് അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നു | കാനഡയിലെ 260 കോളജുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര മനുഷ്യക്കടത്ത് റാക്കറ്റ് പ്രവര്‍ത്തിക്കുന്നുവെന്ന് ഇഡിയുടെ കണ്ടെത്തല്‍. സ്റ്റുഡന്റ് വിസ വഴി ഇന്ത്യക്കാരെ അമേരിക്കയില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് കാനഡയില്‍ എത്തിക്കുന്നത്. എന്നിട്ട് ഇന്ത്യക്കാരെ കാനഡയില്‍ നിന്ന് അനധികൃതമായി അമേരിക്കയിലേക്ക് അതിര്‍ത്തി കടത്തിവിടുകയാണെന്നും ഇഡി കണ്ടെത്തി. മൂന്ന് വര്‍ഷം മുമ്പ് ഒരു കുടുംബത്തിലെ നാല് പേര്‍ യുഎസ്-കാനഡ അതിര്‍ത്തിയില്‍ കൊടും തണുപ്പില്‍ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇഡിയുടെ കണ്ടെത്തല്‍.
വിദേശം
ഇറാനില്‍ ആദ്യ വനിതാ വിമാനം പറന്നിറങ്ങി | ‘ഇറാന്‍ ബാനൂ’ (ഇറാന്‍ ലേഡി) എന്ന് പേരിട്ടിരിക്കുന്ന അസെമാന്‍ എയര്‍ലൈന്‍സിന്റെ വനിതാ വിമാനം ഇറാനിലെ മഷാദിലെ ഹാഷെമിനെജാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് പറന്നിറങ്ങിയത്. ഇറാനിലെ ആദ്യ വനിതാ പൈലറ്റ് ക്യാപ്റ്റന്‍ ഷഹ് റസാദ് ഷംസാണ് വിമാനം പറത്തിയത്. വിമാനത്തില്‍ 110 വനിതാ യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ബാല്‍ഡ് ഈഗിള്‍ അമേരിക്കയുടെ ദേശീയ പക്ഷി | ബാല്‍ഡ് ഈഗിളിനെ (വെള്ളത്തലയന്‍ കടല്‍പ്പരുന്ത്) ദേശീയ പക്ഷിയായി പ്രഖ്യാപിച്ച് യു.എസ്. ഇതു സംബന്ധിച്ച നിയമത്തില്‍ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. വര്‍ഷങ്ങളായി യു.എസിന്റെ ദേശീയ ചിഹ്നമാണ് ബാല്‍ഡ് ഈഗിള്‍. യു.എസിന്റെ ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കുന്ന ഗ്രേറ്റ് സീല്‍ ഒഫ് ദ യു.എസില്‍ 1782 മുതല്‍ ഇവയുണ്ട്. ബാല്‍ഡ് ഈഗിളിനെ ദേശീയ പക്ഷിയാക്കാനുള്ള ബില്ലിന് കഴിഞ്ഞ ആഴ്ച യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു.
അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ ആക്രമണം | അഫ്ഗാനിസ്ഥാനില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. ബാര്‍മാല്‍ ജില്ലയിലെ നാല് പോയിന്റുകളിലാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്. മൂന്ന് വീടുകളില്‍ ബോംബാക്രമണം ഉണ്ടായി. ഒരു വീട്ടില്‍ ഉണ്ടായിരുന്ന 18 പേര്‍ കൊല്ലപ്പെട്ടു. മറ്റൊരു വീട്ടിലെ മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും താലിബാന്‍ വക്താവ് അറിയിച്ചു.
കായിക ലോകം
ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഭേദപ്പെട്ട തുടക്കം | ബോര്‍ഡര്‍ – ഗവാസ്‌കര്‍ ക്രിക്കറ്റ് പരമ്പരയിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 311 എന്ന നിലയിലാണ്. അരങ്ങേറ്റം കുറിച്ച 19 കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസിനെ (60) കൂടാതെ ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലെബുഷെയ്ന്‍ (72) സ്റ്റീവന്‍ സ്മിത്ത് (68*) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി.