സംസ്ഥാനം
റോഡരികില്‍ കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ | കോഴിക്കോട് വടകര കരിമ്പനപാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂര്‍ പറശേരി സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. വാഹനത്തിന്റ മുന്നില്‍ സ്റ്റെപ്പിലും പിന്‍ഭാഗത്തുമായാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ മുതല്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലായിരുന്നു വാഹനം. കണ്ണൂരില്‍ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണെന്ന് പോലീസ് പറയുന്നു. എസി ഗ്യാസ് ലീക്കായതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്. പൊന്നാനിയില്‍ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയില്‍ ജീവനക്കാരനാണ് ജോയല്‍.
എന്‍.സി.സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ | എറണാകുളം കാക്കനാട് കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുത്ത 75 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടി. കളമശ്ശേരി മെഡിക്കല്‍ കോളേജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് കുട്ടികള്‍ ചികിത്സ തേടിയത്. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
പന്തളം ബി.ജെ.പി നിലനിര്‍ത്തി | ഇടതുപക്ഷത്തിന്റെ അവിശ്വാസം അതിജീവിച്ച് പന്തളം നഗരസഭയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തി. ബി.ജെ.പിയു െ18നു പുറമേ ഒരു സ്വതന്ത്രന്റെ പിന്തുണകൂടി നേടി അച്ചന്‍കുഞ്ഞ് ജോണ്‍ പുതിയ ചെയര്‍മാനായി. നേരത്തെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവച്ച യു. രമ്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വി.ജോയി സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി | വി.ജോയി എം.എല്‍.എ വീണ്ടും സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി. 46 അംഗ ജില്ലാ കമ്മിറ്റിയില്‍ മൂന്നു വനിതകള്‍ അടക്കം എട്ടു പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി.
കെ. റഫീഖ് സി.പി.എം വയനാട് ജില്ലാ സെക്രട്ടറി | നിലവിലെ ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മൂന്നാമൂഴത്തിന് തടയിട്ട് ഡിവൈഎഫ്‌ഐ നേതാവ് കെ. റഫീഖിന്റെ സര്‍പ്രൈസ് എന്‍ട്രി. 12നെതിരെ 15 പേരുടെ പിന്തുണ റഫീഖിനുണ്ടെന്ന്് സംസ്ഥാന നേതൃത്വം ബോധ്യപ്പെടുത്തിയതോടെ ഗഗാറിന്‍ പിന്‍മാറുകയായിരുന്നു.
ദേശീയം
ഡിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാന്‍ | രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയത് അഴിമതി മറയ്ക്കാനെന്ന് എസ് എഫ് ഐഒ ദില്ലി ഹൈക്കോടതിയില്‍. എസ് എഫ് ഐ ഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തിനിടെയാണ് ആരോപണമുന്നയിച്ചത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും എസ് എഫ് ഐ ഒ ചൂണ്ടിക്കാട്ടി. വാദങ്ങള്‍ ഒരാഴ്ചയ്ക്കുള്ളില്‍ എഴുതി നല്കാന്‍ കക്ഷികള്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ | ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനായി ജസ്റ്റിസ് വി. രാമസുബ്രഹ്‌മണ്യന്‍. തമിഴ്നാട്ടില്‍ നിന്നുള്ള സുപ്രീം കോടതി മുന്‍ ജഡ്ജിയാണ് രാമസുബ്രഹ്‌മണ്യന്‍. .
പഠിക്കാത്തവരെ വിജയിപ്പിക്കരുത് | അഞ്ച്, എട്ടു ക്ലാസുകളില്‍ തീരെ നിലവാരമില്ലാത്ത കുട്ടികളെ തോല്‍പ്പിച്ച് അതേ ക്ലാസില്‍ നിലനിര്‍ത്താന്‍ കേന്ദ്രത്തിന്റെ കര്‍ശന നിര്‍ദേശം. കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഡല്‍ഹി, പുതുച്ചേരി ഒഴികെ കേന്ദ്രഭരണ പ്രദേശങ്ങളിലെയും കേന്ദ്ര വിദ്യാലയം, നവോദയ സ്‌കൂള്‍, സൈനിക സ്‌കൂള്‍ അടക്കം 3000 സ്‌കൂളുകള്‍ക്കാണ് തീരുമാനം ബാധകം.
ഫോണ്‍ റീചാര്‍ജ് ഇനി ആവശ്യത്തിന് അനുസരിച്ച് | വോയിസ് കോളുകള്‍, എസ്.എം.എസ് എന്നിവ മാത്രമുള്ള പ്രത്യേക മൊബൈല്‍ റീചാര്‍ജ് പ്ലാനുകള്‍ പ്രഖ്യാപിക്കാന്‍ കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം നല്‍കി.
ശ്യാം ബെനഗല്‍ അന്തരിച്ചു | ഇന്ത്യയിലെ സമാന്തര സിനിമാ പ്രസ്ഥാനത്തിനു നേതൃത്വം നല്‍കിയ വിഖ്യാത സംവിധായകന്‍, തിരക്കഥാകൃത്ത് ശ്യാം ബെനഗല്‍ (90) അന്തരിച്ചു. ഈ മാസം 14നാണ് 90-ാം ജന്മദിനം ആഘോഷിച്ചത്.
പി.വി. സിന്ധു വിവാഹിതയായി | ബാഡ്മിന്റണിലെ ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പി.വി. സിന്ധു വിവാഹിതയായി. വ്യവസായി വെങ്കടദത്ത സായിയാണ് വരന്‍.
വിദേശം
പാര്‍ക്കര്‍ സൂര്യനിലേക്ക് | നാസ വിക്ഷേപിച്ച സൗരദൗത്യമായ പാര്‍ക്കര്‍ സോളാര്‍ പ്രോബ് അതിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രയാണം ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചുനിശേഷം നടത്തും. സൂര്യനില്‍ നിന്ന് 61 ലക്ഷം കിലോമീറ്റര്‍ താഴെ ദൂരത്തില്‍ ദൗത്യം ഇന്ന് എത്തിച്ചേരും.
ഷെയ്ഖ് ഹസീനയെ മടക്കി അയക്കണമെന്ന് ആവശ്യം | മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അടിയന്തരമായി മടക്കി അയക്കണമെന്ന് ഇന്ത്യയോടാവശ്യപ്പെട്ട് ബംഗ്ലാദേശ്. നയതന്ത്ര തലത്തില്‍ കത്ത് നല്‍കിയതായി ബംഗ്ലാദേശ് വ്യക്തമാക്കി. ബംഗ്ലാദേശ് കലാപവുമായി ബന്ധപ്പെട്ടുണ്ടായ കൂട്ടക്കൊലയില്‍ ഹസീന വിചാരണ നേരിടണമെന്നാണ് ഇടക്കാല സര്‍ക്കാരിന്റെ നിലപാട്.