സംസ്ഥാനം

റേഷന്‍ പഞ്ചസാരയ്ക്ക് 6 രൂപ കൂട്ടി | സംസ്ഥാനത്ത് റേഷന്‍ പഞ്ചസാരയുടെ വില ആറു രൂപ വര്‍ദ്ധിപ്പിച്ചു. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുന്ന ഒരു കിലോഗ്രാം പഞ്ചസാരയ്ക്ക് ഇനി മുതല്‍ 21 നു പകരം 27 രൂപ നല്‍കണം.

മുണ്ടക്കൈ പുനരധിവാസത്തിനു പ്രത്യേക മന്ത്രിസഭാ യോഗം | മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം നടക്കും.

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തില്‍ ഇരട്ട ജീവപര്യന്തം | സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കരിമ്പനാല്‍ ജോര്‍ജ് കുര്യന് (പാപ്പന്‍-52) ഇരട്ട ജീവപര്യന്തം. ഇതിനുപുറമേ, എട്ടു വര്‍ഷവും മൂന്നു മാസവും അധിക തടവ്. 20 ലക്ഷം രൂപ പിഴയും വിധിച്ചു. അധിക തടവ് അനുഭവിച്ചുതീര്‍ന്നശേഷമേ ഇരട്ടജീവപര്യന്തം തുടങ്ങുകയുള്ളുവെന്ന് കോട്ടയം അഡിഷണല്‍ സെഷന്‍സ് ജഡ്ജി ജെ. നാസര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. കുറഞ്ഞത് 22 വര്‍ഷം തടവറയില്‍ കഴിയേണ്ടിവരും.

നിക്ഷേപകന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം | കട്ടപ്പന റൂറല്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും പണം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് നിക്ഷേപകന്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കട്ടപ്പന, തങ്കമണി സി ഐമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക.

വിദേശം

കേജ്‌രിവാളിന്റെ വിചാരണയ്ക്ക് അനുമതി | ഡല്‍ഹി മദ്യനയക്കേസില്‍ മുന്‍മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാളിനെ വിചാരണ ചെയ്യാന്‍ എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെയാണ് എഎപിയെയും കേജ്‌രിവാളിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നടപടി.

ചെറുകിട വ്യാപാരികള്‍ക്ക് വാടക നികുതി ഒഴിവാക്കി | കോംപസിഷന്‍ സ്‌കീമില്‍ നികുതി അടയ്ക്കുന്ന വ്യാപാരികളെ വാടകയിനത്തിലുള്ള 18 ശതമാനം നികുതിബാധ്യതയില്‍ നിന്ന് ഒഴിവാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. ജിഎസ്ടി രജിസ്‌ട്രേഷനില്ലാത്ത വ്യക്തികളില്‍നിന്നു കെട്ടിടം വാടകയ്ക്ക് എടുത്താല്‍ ബാധകമായിരുന്ന ജിഎസ്ടിയാണ് ഒഴിവാക്കിയത്.

ഉപയോഗിച്ച വാഹനങ്ങള്‍ക്ക് ജിഎസ്ടി കൂടും | ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ കമ്പനികളില്‍ നിന്ന് 18 ശതമാനം നികുതി ഈടാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനം. അതേസമയം ആരോഗ്യ, ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസി തുകയിലെ നികുതി ഘടനയെ കുറിച്ച് പിന്നീട് ആലോചിക്കാമെന്നും ഇന്നലെ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന 55-ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

കേരളത്തിന് 10 സ്‌പെഷല്‍ ട്രെയിനികള്‍ | ക്രിസ്മസ് പുതുവസ്തരകാലത്തെ തിരക്ക് കണക്കിലെടുത്തു കേരളത്തിനു 10 സ്‌പെഷല്‍ ട്രെയിനുകള്‍ റെയില്‍വേ അനുവദിച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്കായി 416 ട്രെയിന്‍ ട്രിപ്പുകള്‍ കേരളത്തിനകത്തേക്കും പുറത്തേക്കുമായി പ്രത്യേകമായി നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here