ന്യൂഡല്‍ഹി | ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, ഇന്ത്യ ഇറാനില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ചു തുടങ്ങി. അര്‍മേനിയായിലൂടെയാണ് ഒഴിപ്പിക്കുന്നത്. വടക്കുപടിഞ്ഞാറന്‍ ഇറാനിലെ ഉര്‍മിയയില്‍ നിന്ന് ഏകദേശം 110 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം ഇന്നലെ (തിങ്കള്‍) വൈകിട്ടോടെ അര്‍മേനിയയിലേക്ക് കടന്നു. അവരെ ഉടന്‍ തന്നെ നാട്ടിലേക്ക് എത്തിക്കും. ടെഹ്റാനിലെ ഇന്ത്യന്‍ എംബസി സുരക്ഷാ സാഹചര്യം സജീവമായി നിരീക്ഷിക്കുകയാണ്. ഇറാനിലെ ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്.
‘ടെഹ്റാനിലുള്ളതും എംബസിയുമായി ബന്ധമില്ലാത്തതുമായ എല്ലാ ഇന്ത്യന്‍ പൗരന്മാരും ടെഹ്റാനിലെ ഇന്ത്യന്‍ എംബസിയുമായി ഉടന്‍ ബന്ധപ്പെടുകയും അവരുടെ സ്ഥലവും കോണ്‍ടാക്റ്റ് നമ്പറുകളും നല്‍കുകയും വേണം’- എംബസി X-ലെ ഒരു പോസ്റ്റില്‍ പറഞ്ഞു.