കണ്ണൂര്‍ | പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ചോദ്യം ചെയ്ത അയല്‍വാസി പിതാവിന്റെയും മക്കളുടെയും ക്രൂരമര്‍ദ്ദനമേറ്റു കൊല്ലപ്പെട്ടു. കക്കാട് തുളിച്ചേരി നമ്പ്യാര്‍ മെട്ടയിലെ അമ്പന്‍ഹൗസില്‍ അജയകുമാറാ(61) ണ് ഹെല്‍മറ്റും കല്ലും കൊണ്ടുള്ള മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. അയല്‍വാസികളായ ടി.ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യ ദാസ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

ഇവരുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്ച്ച വൈകുന്നേരം ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രി എട്ടുമണിയോടെ വീണ്ടും തര്‍ക്കമുണ്ടാവുകയും ദേവദാസും മക്കളുമെത്തി വീടിന് മുന്‍വശത്തെ റോഡില്‍ വെച്ച് ഹെല്‍മെറ്റും കല്ലും ഉപയോഗിച്ച് അജയകുമാറിനെ മര്‍ദ്ദിച്ചു.

ഇതു തടയാന്‍ ചെന്ന മറ്റൊരു അയല്‍വാസിയായ പ്രവീണ്‍ കുമാറിനും (52) തലയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച്ച രാത്രി എട്ടര മണിയോടെ പരുക്കേറ്റു റോഡില്‍ കിടക്കുകയായിരുന്ന അജയകുമാറിനെയും പ്രവീണിനെയും നാട്ടുകാര്‍ കൊയിലി ആശുപത്രിയിലെത്തി. അതീവ ഗുരുതരാവസ്ഥയിലായ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് അജയകുമാര്‍ മരണപ്പെട്ടത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ കുമാരന്റെ മകനാണ് അജയകുമാര്‍. സഹോദരങ്ങള്‍: രജനി, രാഗിണി, റോജ, സീന.

LEAVE A REPLY

Please enter your comment!
Please enter your name here