കണ്ണൂര്‍ | മിസിസ് എര്‍ത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച മിസിസ് എര്‍ത്ത് 2025 കിരീടം കണ്ണൂര്‍ സ്വദേശിയായ മിലി ഭാസ്‌കര്‍ നേടി. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മിലി. കാനഡയെ പ്രതിനിധീകരിച്ചാണ് മിലി മത്സരത്തില്‍ പങ്കെടുത്തത്. യുഎസില്‍ നടന്ന മത്സരത്തില്‍ 24 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളെ മറികടന്നാണ് അവര്‍ കിരീടം നേടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിസിസ് കാനഡ എര്‍ത്ത് കിരീടവും അവര്‍ നേടിയിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് മിലി.
രണ്ട് കുട്ടികളുടെ അമ്മയാണ് മിലി. ഇലക്ട്രോണിക്‌സില്‍ ബിരുദവും, ധനകാര്യത്തിലും മാര്‍ക്കറ്റിംഗിലും മാനേജ്മെന്റ് ബിരുദവും, യോഗ അധ്യാപക പരിശീലന കോഴ്സും അവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നതിനിടെ ഡല്‍ഹിയില്‍ നിന്നുള്ള മലയാളിയായ മഹേഷ് കുമാറിനെ അവര്‍ വിവാഹം കഴിച്ചു. പിന്നീട്, കാനഡയിലെ ഒരു ഓഡിറ്റ് സ്ഥാപനമായ ഡെലോയിറ്റില്‍ മാനേജരായി ചേര്‍ന്നു. ഇപ്പോള്‍ അവര്‍ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. മക്കളായ തമന്നയും അര്‍മാനും വിദ്യാര്‍ത്ഥികളാണ്.