ഉര്‍വ്വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിച്ച് ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം
വിലായത്ത് ബുദ്ധയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റി ഇരുപതോളം ദിവസമാണ് ചിത്രീകരണം നീണ്ടത്. മറയൂര്‍, ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്. സമീപകാല പ്രഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിക്കുകയും മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ.

ചിത്രീകരണത്തിനിടയില്‍ പ്രഥ്വിരാജിന്റെ കാലിനു പരിക്കു പറ്റിയതിനാലാണ് ഇടക്ക് നിര്‍ത്തിവയ്‌ക്കേണ്ടി വന്നതെന്നു ്‌നിര്‍മ്മാതാവ് സന്ധീപ് സേനന്‍ പറഞ്ഞു. എംബുരാന്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരില്‍ എത്തിയത്.

മറയൂരിലെ ചന്ദനക്കാടുകളെ എന്നും സംഘര്‍ഷഭരിത മാക്കുന്ന ചന്ദന മോഷ്ടാവ് ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തെയാണ് പ്രഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മറയൂരിലെ മലമടക്കുകള്‍ക്കിടയില്‍ ലക്ഷണമൊത്ത ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുദ്ധം അരങ്ങു തകര്‍ക്കുമ്പോള്‍ അതു കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്.

രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലൂടെയാണ് കഥാവികസനം. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. മുറുക്കിച്ചുവന്ന പല്ലുകളും, തീഷ്ണമായ ഭാവവും, അലസമായ വേഷവിധാനം മുണ്ടും ഷര്‍ട്ടുമൊക്കെയായിട്ടാണ് പ്രഥ്വിരാജ് അവതരിപ്പിക്കുന്ന ഡബിള്‍ മോഹന്‍ എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നത്.

അനുമോഹന്‍, പ്രശസ്ത തമിഴ് നടന്‍ ടി.ജെ. അരുണാചലം,, രാജശീ നായര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രിയംവദാ കൃഷ്ണനാണു നായിക. എഴുത്തുകാരനായ ജി. ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here