തിരുവനന്തപുരം | ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യുകയോ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞയെടുക്കുകയോ ചെയ്യുന്നതിനു പകരം ദൈവങ്ങളെ കൂട്ടുപിടിച്ചത് കോടതി കയറുന്നു ? ഇത്തരം സത്യപ്രതിജ്ഞകളില്‍ തീരുമാനമെടുക്കാന്‍ മുന്‍സിപ്പാലിറ്റി പഞ്ചായത്തീരാജ് ആക്ടില്‍ വ്യവസ്ഥയില്ലെന്ന നിലപാടിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. അതിനാല്‍ തന്നെ വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിക്കാനുള്ള നടപടികളിലാണ് സിപിഎം.
പഞ്ചായത്തീരാജ് ആക്ടിലെ രണ്ടാം പട്ടികയിലും മുനിസിപ്പാലിറ്റി ആക്ടിലെ മൂന്നാം പട്ടികയിലും നല്‍കിയ മാതൃകയിലേ സത്യപ്രതിജ്ഞ ചെയ്യാനാകൂവെന്നാണ് ചട്ടം. ദൈവത്തെ കോടതി വ്യാഖ്യാനിക്കട്ടെയെന്ന നിലപാടിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനും എത്തുന്നുവെന്നാണ് സൂചന.
പല തദ്ദേശസ്ഥാപനങ്ങളിലും ദൈവങ്ങളെ പേരുപറഞ്ഞായിരുന്നു അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചായത്തീരാജ്, മുന്‍സിപ്പാലിറ്റി നിയമങ്ങളില്‍ പറയുന്നു ദൈവനാമത്തില്‍ എല്ലാ ദൈവങ്ങളും വരുമോ ? ഏതൊക്കെ ദൈവത്തിന്റെ പേരുള്‍പ്പെടും തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാവുകയാണ്.
യേശുക്രിസ്തു, അള്ളാഹൂ പേരുകളില്‍ സത്യപ്രതിജ്ഞ ചെയ്യാം. എന്നാല്‍ ശ്രീനാരായണ ഗുരു, ഭാരതാംബ തുടങ്ങിയ പേരുകളിലുള്ള സത്യപ്രതിജ്ഞ ചെയ്യുന്നത് ഭരണഘടനാ ലംഘനമാണെന്ന വിധികള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത 20 പേരുടെ വോട്ട് പരിഗണിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടുവെങ്കിലും കലക്ടര്‍ നിരാകരിച്ചിരുന്നു. പിന്നാലെയാണ് സിപിഎം ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.









