തിരുവനന്തപുരം| പവര്‍കട്ട് എര്‍പ്പെടുത്തില്ലെന്ന് അധികൃതര്‍. എന്നാല്‍, രാത്രി ഏഴിനും അര്‍ദ്ധരാത്രിക്കും ഇടയില്‍ ഇടയ്ക്കിടെ കറന്റ് പോകും. ചുട്ടുപൊള്ളുന്ന മലയാളികളെ ഉറങ്ങാനും വിടാത്ത കെ.എസ്.ഇ.ബിയുടെ ഇപ്പോഴത്തെ പോക്ക് വകുപ്പ് മന്ത്രിയും സര്‍ക്കാരും പറയുന്നതുപോലെ അല്ലേ ?

ലോഡ് ഷെഡിംഗ് ഇല്ലെന്നാണ് അധികാരികളും കെ.എസ്.ഇ.ബിയും ആവര്‍ത്തിക്കുന്നത്. വൈദ്യുതി ഉപയോഗവും പീക് ലോഡ് സമയത്തെ ആവശ്യകതയും നോക്കി ലോഡ് കൂടുന്ന മേഖലകളില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വിതരണ ശൃംഖല തകരാറിലാകാതെ നോക്കാനാണ് ക്രമീകരണമെന്നാണ് പറയുന്നത്. പാലക്കാട് ട്രാന്‍സ്മിഷന്‍ സര്‍ക്കിളിനു കീഴിലുള്ള പ്രദേശങ്ങളില്‍ രാത്രി ഏഴിനും അര്‍ദ്ധരാത്രി ഒന്നിനും ഇടയില്‍ ഇടവിട്ടുള്ള നിയന്ത്രണത്തിനാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്.

കെ.എസ്.ഇ.ബി പറഞ്ഞില്ലെങ്കിലും മറ്റു പല സ്ഥലങ്ങളിലും ഇത് സംഭവിക്കുന്നുണ്ട്. നിയന്ത്രണം വേണ്ടി വരുന്ന മേഖല കൂടുന്നതോടെ ഒട്ടുമിക്ക പ്രദേശങ്ങളിലും പലവട്ടം കറന്റ് പോകുന്നുവെന്നാണ് ജനങ്ങളുടെ പക്ഷം. ഇതാകട്ടെ, ലോഡ് ഷെഡിംഗിനെയും കടത്തിവെട്ടുന്ന ഗതികേടാണ് സാധാരണക്കാരന് സമ്മാനിക്കുന്നത്.

സംസ്ഥാനത്തെ യഥാര്‍ത്ഥ വൈദ്യുതി ആവശ്യം 6000 മെഗാവാട്ടില്‍ എത്തിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി വ്യാഴാഴ്ചത്തെ വൈദ്യുതി ഉപയോഗം 11.41852 യൂണിറ്റും പീക്ക് ലോഡ് 5854 മെഗാവാട്ടും ആയി ഉയര്‍ന്നു. പ്രാദേശിക നിയന്ത്രണങ്ങളിലൂടെയാണ് ഇത്തരത്തില്‍ പിടിച്ചു നിര്‍ത്താനായതെന്നാണ് കെ.എസ്.ഇ.ബി പറയുന്നത്.

ലോഡ്‌ഷെഡിംഗിനു അനുമതി ലഭിക്കാവെ വന്നതോടെയാണ് ഉപയോഗം കുറയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ കെ.എസ്.ഇ.ബി. പുറത്തിറക്കിയത്. ജല അതോറിട്ടിയുടെ പമ്പിംഗ് ക്രമീകണം, വന്‍കിട വ്യവസായങ്ങളുടെ വൈദ്യുതി ഉപയോഗം പുറക്രമീകരിക്കുക, വാണിജ്യ സ്ഥാപനങ്ങളുടെ രാത്രികാല ദീപാലങ്കാരം അവസാനിപ്പിക്കുക, എ.സികളിലെ താപനില ക്രമീകരിക്കുക തുടങ്ങിയവയാണ് ഇത്.

കെ.എസ്.ഇ.ബിയുടെ നിയന്ത്രണങ്ങള്‍ പണമില്ലാത്ത തങ്ങളെ മാത്രമാണ് വലയ്ക്കുന്നതെന്നതാണ് സാധാരണക്കാരന്റെ ഗതികേട്. വീട്ടില്‍ സോളാറും ഇന്‍വേര്‍ട്ടറും ഒന്നുമില്ലാത്തവരുടെ വീടുകളെ മാത്രമേ ഫീസൂരുമ്പോള്‍ കറന്റ് പോകൂ.

LEAVE A REPLY

Please enter your comment!
Please enter your name here