ആലപ്പുഴ | കോളറ ബാധയുണ്ടെന്ന് സംശയിച്ചിരുന്ന ആലപ്പുഴ ജില്ലയിലെ എടത്വ സ്വദേശിയായ രഘു (48) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഇന്ന് (വെള്ളി) പുലര്‍ച്ചെ 1:30 ഓടെയാണ് മരിച്ചത്. രഘുവിന് മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രഘുവില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം നേരത്തെ രക്തപരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. നിലവില്‍ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കയാണ്. രാജിയാണ് ഭാര്യ. മകള്‍ ശിവ പാര്‍വതി.
അതേസമയം, കോളറയ്ക്കും മറ്റ് വയറിളക്ക രോഗങ്ങള്‍ക്കും എതിരെ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍ ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ കോളറ മാരകമായേക്കാമെന്ന് മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായം. വിബ്രിയോ കോളറ എന്ന ബാക്ടീരിയ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്.