കാസര്‍കോട് | സി.പി.എമ്മിനു തലവേദനയായി ഒരു സര്‍വീസ് സഹകരണ ബാങ്ക് കൂടി. കാറഡുക്ക അഗ്രികള്‍ചറിസ്റ്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നു പുറത്തുവരുന്നത് 4.76 കോടി രൂപയുടെ സ്വര്‍ണ വായ്പാ ക്രമക്കേടാണ്.

അംഗങ്ങളറിയാതെ അവരുടെ പേരില്‍ 4.76 കോടി രൂപയുടെ സ്വര്‍ണപ്പണയ വായ്പ എടുത്തെന്നാണ് പരാതി. പോലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ സംഘം സെക്രട്ടറി കര്‍മംതോടിയിലെ കെ.രതീശനെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം ആദൂര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളും വഞ്ചനയും അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

സഹകരണ സംഘം പ്രസിഡന്റ് ബെള്ളൂര്‍ കിന്നിങ്കാറിലെ കെ.സൂപ്പി നല്‍കിയ പരാതിയിലാണ് നടപടി. രതീശന്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. അന്വേഷണം സിപിഎമ്മിലേക്കും നീങ്ങുന്നതായി സൂചനയുണ്ട്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മുള്ളേരിയ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രതീശനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു.

പ്രാഥമിക പരിശോധനയില്‍ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പണയ സ്വര്‍ണം ഇല്ലാതെയാണ് 7 ലക്ഷം രൂപ വരെ അനുവദിച്ചത്. ജനുവരി മുതല്‍ പല തവണകളായാണ് വായ്പകള്‍ അനുവദിച്ചത്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയല്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here