ചെന്നൈ | 41 വയസ്സായിട്ടും, തൃഷ അവിവാഹിതയായി തുടരുന്നത് എന്തുകൊണ്ടാണ് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കി നടി തൃഷ കൃഷ്ണന്‍. റിലീസിനൊരുങ്ങുന്ന തഗ്ഗ് ലൈഫ് എന്ന മണിരത്‌നം ചിത്രത്തിന്റെ പ്രസ്സ്മീറ്റിലായിരുന്നു അപ്രതീക്ഷിതചോദ്യം. എന്നാല്‍ ചോദ്യം കേട്ട് അസ്വസ്ഥയാവാതെ രണ്ടുവരികള്‍ ഉത്തരം നല്‍കുകയായിരുന്നു തൃഷ.
”എനിക്ക് വിവാഹത്തില്‍ വിശ്വാസമില്ല. ഇനി അങ്ങനെ സംഭവിച്ചാല്‍ കുഴപ്പമില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിലും കുഴപ്പമില്ല.” – ഇതായിരുന്നു തൃഷ നല്‍കിയ മറുപടി.
അവിവാഹിതയായി തുടരാനുള്ള താരത്തിന്റെ തീരുമാനത്തെക്കുറിച്ച് മുമ്പും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു തൃഷയുടെ പതിവ്. വിവാഹം എന്ന ആശയത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞതോടെ സോഷ്യല്‍മീഡിയായിലും ഗോസിപ്പുകാര്‍ ആഘോഷമാക്കി.
തമിഴ് സൂപ്പര്‍സ്റ്റാറും തമിഴഗ വെട്രി കഴകം സ്ഥാപകനുമായ ‘ദളപതി’ വിജയുമായി തൃഷയ്ക്ക് ബന്ധമുണ്ടെന്നും വിജയ് ഭാര്യ സംഗീതയുമായി അകന്നിരിക്കുകയാണെന്നുമെല്ലാം വ്യാപകമായ പ്രചരണം ഉണ്ടായിരുന്നു. ഇതെല്ലാം വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന്റെ പ്രതികാരമെന്നോണം എതിര്‍കക്ഷികള്‍ പടച്ചുവിടുന്ന പ്രചരണമെന്നായിരുന്നു വിജയ് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ തൃഷയുടെ ഈ മറുപടിയോടെ വീണ്ടും ഗോസിപ്പുകള്‍ക്ക് ആക്കം കൂടുകയാണ്. 2015 ല്‍, തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. പക്ഷേ പിന്നേട് വിവാഹം ഒഴിവാക്കുകയായിരുന്നു.