ഹൈദരാബാദ് | ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടുനാട്’ എന്ന ഓസ്‌കാര്‍ ഗാനത്തിലൂടെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്ന ജനപ്രിയ ഗായകന്‍ രാഹുല്‍ സിപ്ലിഗുഞ്ചിന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു.വി. വിജയേന്ദ്ര പ്രസാദിനൊപ്പം എസ്.എസ്. രാജമൗലി തിരക്കഥയെഴുതിയ സംവിധാനം ചെയ്ത 2022 ലെ ആക്ഷന്‍ ഡ്രാമ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’.

ബോണലു ഉത്സവത്തോടനുബന്ധിച്ച് സര്‍ക്കാര്‍ രാഹുലിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചതായി തെലങ്കാന സിഎംഒ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ്, തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റായിരിക്കെ, ഒരു പൊതു പരിപാടിയില്‍ വെച്ച് രേവന്ത് രാഹുലിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിക്കുകയും കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു കോടി രൂപ അദ്ദേഹത്തിന് നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. അടുത്തിടെ, തെലങ്കാന ഗദ്ദര്‍ ഫിലിം അവാര്‍ഡ് ദാന ചടങ്ങിനിടെ, മുഖ്യമന്ത്രി രാഹുല്‍ സിപ്ലിഗുഞ്ചിനെ പ്രത്യേകം പരാമര്‍ശിക്കുകയും സര്‍ക്കാര്‍ പ്രഖ്യാപനം ഉടന്‍ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതനുസരിച്ചാണ് ഇപ്പോള്‍ ബോണലു ഉത്സവത്തോടനുബന്ധിച്ച്, മുഖ്യമന്ത്രി രാഹുലിന് ഒരു പാരിതോഷികം പ്രഖ്യാപിച്ചതായി തെലങ്കാന സിഎംഒ അറിയിച്ചത്.

ഓസ്‌കാറില്‍ ‘ഒറിജിനല്‍ സോംഗ്’ വിഭാഗത്തില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ തെലുങ്ക് ഗാനമായിരുന്നു ‘നാട്ടു നാട്ടു’. റിഹാന, ലേഡി ഗാഗ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ഇത് അവാര്‍ഡ് നേടിയത്. എം എം കീരവാണിയുടെ ഗാനരചന, ഗായകരായ രാഹുല്‍ സിപ്ലിഗുഞ്ച്, കാല ഭൈരവ എന്നിവരുടെ ഊര്‍ജ്ജസ്വലമായ ആലാപനവും, പ്രേം രക്ഷിത്തിന്റെ അതുല്യമായ നൃത്തസംവിധാനവും, ചന്ദ്രബോസിന്റെ വരികളും എല്ലാം ഈ ‘ആര്‍ആര്‍ആര്‍’ മാസ് ഗാനത്തെ ചര്‍ച്ചയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here