തിരുവനന്തപുരം | മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ട്രെയിലര്‍ വന്നതോടെ ഓരോ സസ്‌പെന്‍സുകള്‍ ഒന്നായി പുറത്തുവരികയാണ്. ഒന്നാംഭാഗമായ ലൂസിഫറില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കലാഭവന്‍ ഷാജോണ്‍ അവതരിപ്പിച്ച അലോഷി. നായകനൊപ്പം നിന്ന് ചതിക്കുന്ന അലോഷിക്ക് ഒടുവില്‍ വെടിയേറ്റു മരിക്കാനായിരുന്നു വിധി. അതുകൊണ്ടുതന്നെ രണ്ടാംഭാഗമായ എമ്പുരാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ കലാഭവന്‍ ഷാജോണ്‍ നിരാശയിലായിരുന്നു. വെടിയേറ്റു മരിച്ച കഥാപാത്രത്തിന് രണ്ടാംഭാഗത്തില്‍ ഇടമുണ്ടാകില്ലെന്നു കരുതിയെങ്കിലും ഒടുവില്‍ എമ്പുരാനിലും ഷാജോണിന് അവസരം കിട്ടുകയായിരുന്നു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയിലറില്‍ മോഹന്‍ലാലിന്റെ സ്റ്റീഫന്റെ പഴയകാലം പറയുന്നിടത്താണ് അലോഷിയെ വീണ്ടും കാണാന്‍ സാധിക്കുക. എന്തായാലും എമ്പുരാനില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് കലാഭവന്‍ ഷാജോണ്‍. ഇത്തവണ വില്ലത്തരമൊന്നുമില്ലാതെ നായകനൊപ്പം നില്‍ക്കുന്ന അലോഷിയുടെ പൂര്‍വ്വകാലമാകും ഒരുപക്ഷേ ഷാജോണ്‍ അവതരിപ്പിക്കുന്നതും.