ധാക്ക | സിനിമയില്‍ ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ച നടിയെ അറസ്റ്റുചെയ്ത് സര്‍ക്കാര്‍. ‘മുജിബ്: ദി മേക്കിംഗ് ഓഫ് എ നേഷന്‍’ എന്ന സിനിമയില്‍ ഷെയ്ഖ് ഹസീനയെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയയാണ് അറസ്റ്റിലായത്. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്.
സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു കൊലപാതകശ്രമക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം. 2024 ജൂലൈയില്‍ നടന്ന കലാപത്തിനിടെ തലസ്ഥാനത്തെ വതാര പ്രദേശത്ത് ഒരു വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് നുസ്രത്ത് ഉള്‍പ്പെടെ 17 അഭിനേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.
തായ്ലന്‍ഡിലേക്ക് പോകാനിരിക്കെയാണ് ഇന്ന് ഉച്ചയോടെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ചെക്ക്പോസ്റ്റില്‍ വച്ച് നടി നുസ്രത്ത് ഫാരിയയെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിന്റെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ബംഗബന്ധു എന്നറിയപ്പെടുന്ന ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിലാണ് ഷെയ്ഖ് ഹസീനയായി വേഷമിട്ടത്. ബംഗ്ലാദേശും ഇന്ത്യയും സംയുക്തമായി നിര്‍മ്മിച്ച ഈ ചിത്രം ശ്യാം ബെനഗല്‍ സംവിധാനം ചെയ്തു. അരിഫിന്‍ ഷുവൂ ആണ് പ്രധാന വേഷത്തില്‍ അഭിനയിച്ചത്.