തിരുവനന്തപുരം | സുരേഷ്‌ഗോപി ചിത്രം ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരളയുടെ സെന്‍സര്‍ഷിപ്പില്‍ ഭയമാണ് തോന്നുന്നതെന്ന് ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ഇന്ദ്രന്‍സ്. ”എനിക്ക് ഭയമാണ്. പുതിയ സിനിമകള്‍ പുറത്തിറക്കുമ്പോള്‍ ഞങ്ങളെ എന്താണ് കാത്തിരിക്കുന്നതെന്ന് എനിക്കറിയില്ല. അത് ഭയപ്പെടുത്തുന്നതാണ്,” സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെ (സിബിഎഫ്സി)ക്കുറിച്ച് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സിബിഎഫ്സിയുടെ റീജിയണല്‍ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സെന്‍സര്‍ഷിപ്പ് ക്ലിയറന്‍സ് നേടുന്നതിനായി സുരേഷ് ഗോപി അഭിനയിച്ച ‘ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തില്‍ ജാനകി എന്ന പേര് മാറ്റണമെന്ന ബോര്‍ഡിന്റെ ആവശ്യത്തിനെതിരെയായിരുന്നൂ പ്രതിഷേധം. നിര്‍മ്മാതാക്കള്‍, സംവിധായകര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ പ്രതിനിധീകരിക്കുന്ന വിവിധ സംഘടനയിലെ അംഗങ്ങള്‍ പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. സിബിഎഫ്സി ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി പുറപ്പെടുവിച്ചതായി കരുതുന്ന ഈ നിര്‍ദ്ദേശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അനാവശ്യമായ മത സെന്‍സര്‍ഷിപ്പിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
”ചില പേരുകളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കി അവര്‍ എതിര്‍പ്പുകള്‍ ഉന്നയിക്കുകയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. സിനിമ മതപരമോ ജാതിപരമോ ആയ പരിഗണനകള്‍ക്ക് അതീതമാണ്, ഇത് തുടരാന്‍ ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല” – ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള (ഫെഫ്ക) യുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഐക്യദാര്‍ഢ്യത്തോടെ പ്രതിഷേധത്തില്‍ പങ്കെടുത്തു. കേന്ദ്ര സര്‍ക്കാരില്‍ സഹമന്ത്രിയായും സേവനമനുഷ്ഠിക്കുന്ന നടന്‍ സുരേഷ് ഗോപി തന്റെ സര്‍ക്കാര്‍ എങ്ങനെയാണ് ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്നതെന്ന് ചിന്തിക്കണമെന്ന് ബിനോയ് വിശ്വം പറഞ്ഞു.