മുംബൈ | ബ്രാഹ്മണ സമൂഹത്തെക്കുറിച്ച് നടത്തിയ ഒരു പരാമര്‍ത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപ് വീണ്ടും വിവാദത്തിലായി. ‘ഫൂലെ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ഛാത്തലത്തിലാണ് അനുരാഗ് കശ്യപ് വിവാദപരാമര്‍ശം നടത്തിയത്.
‘ഞാന്‍ ബ്രാഹ്മണരുടെ മേല്‍ മൂത്രമൊഴിക്കും, എന്തെങ്കിലും പ്രശ്‌നമുണ്ടോ?’ എന്ന വാക്കുകളോടെ കശ്യപ് ഒരു എക്‌സ് ഉപയോക്താവിന് മറുപടി നല്‍കിയതാണ് വിവാദമായത്. ഇത് സോഷ്യല്‍മീഡിയായില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് ‘ക്ഷമാപണം’ എന്നു കുറിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ അനുരാഗ് കശ്യപ് പോസ്റ്റിട്ടു. ”എന്റെ പോസ്റ്റിനല്ല, സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയ ആ ഒരു വരിക്കും, വെറുപ്പ് വളര്‍ത്തിയതിനുമാണ് ഞാന്‍ ക്ഷമ ചോദിക്കുന്നത്.” – കശ്യപ് എഴുതി.
എന്നാല്‍ ഈ കുറിപ്പിലും രൂക്ഷമായ പരിഹാസമാണെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നതും.
അതേസമയം, ബോംബെ ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്‍ ഈ വിഷയത്തില്‍ മുംബൈയില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ‘ഫൂലെ’ എന്ന സിനിമ ഇതിനകം തന്നെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. പ്രതീക് ഗാന്ധിയും പത്രലേഖയും അഭിനയിച്ച ‘ഫൂലെ’ നിരവധി വിവാദങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ഈ വിവാദം കൂടി കത്തിപ്പടരുന്നത്.
സാമൂഹിക പരിഷ്‌കര്‍ത്താവായ ജ്യോതിറാവു ഫൂലെയുടെയും സാവിത്രിഭായ് ഫൂലെയുടെയും ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ സിനിമ ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ബ്രാഹ്മണ സംഘടനകളില്‍ ഉയരുന്ന വിമര്‍ശനം. സെന്‍സര്‍ ബോര്‍ഡ് ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെ റിലീസ് രണ്ടാഴ്ചത്തേക്കാണ് നീട്ടി വച്ചത്. ഏപ്രില്‍ 25 ന് സിനിമ തിയേറ്ററുകളില്‍ എത്തും.