പതിവായി ക്യാമ്പ് വിത്ത് സ്‌ട്രെയിഞ്ചേഴ്‌സ് പ്രോഗ്രാമുകള്‍ നടന്നുവരുന്ന ഒരു റിസോര്‍ട്ടില്‍ ഒരു ക്യാമ്പില്‍ പങ്കെട്ടുക്കാനായി നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി ചെറുപ്പക്കാര്‍ ഇല്ലിക്കല്‍ ഹോളിഡേയ്‌സ് എന്ന റിസോര്‍ട്ടില്‍ ഒത്തുചേരുന്നു. ഇവിടുത്തെ പ്രോഗാമുകള്‍ നടക്കുന്നതിനിടയിലാണ് ഒരു പെണ്‍കുട്ടിക്ക് ദാരുണമായ ഒരു ദുരന്തം സംഭവിക്കുന്നത്. ഈ ദുരന്തത്തിന്റെ അന്വേഷണമാണ് അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ ഈ തനിനിറത്തെ മുന്നോട്ടു നയിക്കുന്നത്. ചിത്രീകരണം പാലാക്കടുത്ത് ഭരണങ്ങാനം ഇടമറ്റത്തുള്ള ഓശാനാ മൗണ്ടില്‍ ആരംഭിച്ചു.
മുതിര്‍ന്ന സംവിധായകരായ കെ. മധു, ഭദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചിത്രത്തിന് തുടക്കമായത്.
കെ. മധു സ്വിച്ചോണ്‍ കര്‍മ്മവും, ഭദ്രന്‍ ഫസ്റ്റ് ക്ലാപ്പും നല്‍കിക്കൊണ്ടാണ് ലളിതമായ ചടങ്ങില്‍ ഈ ചിത്രം ആരംഭിച്ചത്. മഹാരാജാ ടാക്കീസ്, അഡ്വ.ലഷ്മണന്‍ ലേഡീസ് ഒണ്‍ലി ചിത്രങ്ങള്‍ക്കുശേഷം ധനുഷ് ഫിലിംസിന്റെ ബാനറില്‍ എസ്. മോഹനന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. കെ. മധു, ഹരികുമാര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു പോന്നിരുന്ന രതീഷ് നെടുമങ്ങാട്, ഗുഡ് ബാഡ് അഗ്‌ളി, ഡയല്‍ 100 എന്നി ചിത്രങ്ങള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഈ തനിനിറം ഒരുക്കുന്നത്.
പൂര്‍ണ്ണമായും ഇന്‍വസ്റ്റിഗേറ്റീവ് തില്ലറായിട്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. ഏറെ ദുരൂഹതകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതാണ് ഈ ചിത്രത്തിന്റെ അന്വേഷണം. അനൂപ് മേനോനിലൂടെ എസ്.ഐ. ഫെലിക്‌സ് ലോപ്പസാണ് ഈ കേസന്വേഷണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്.
anoop menon investigative thriller ee thaniniram