തിരുവനന്തപുരം | സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പണം തട്ടിപ്പുകേസിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളെയും കുടുംബത്തെയും പിന്തുണച്ച കേരളത്തിലെ ജനങ്ങളോട് നന്ദിപറഞ്ഞ് കൃഷ്ണകുമാറിന്റെ കുടുംബം. കൃഷ്ണകുമാറിന്റെ മക്കളായ അഹാന കൃഷ്ണയും ദിയ കൃഷ്ണയും സോഷ്യല്‍മീഡിയാ പോസ്റ്റിലൂടെയാണ് നന്ദിയറിയിച്ചത്.
തനിക്കും കുഞ്ഞിനും കുടുംബത്തിലെ മറ്റെല്ലാവര്‍ക്കും കഠിനമായിരുന്ന ദിവസങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ നിരുപാധിക പിന്തുണകൊണ്ടാണ് മറികടക്കാന്‍ കഴിഞ്ഞതെന്ന് ദിയ കൃഷ്ണ കുറിച്ചു. തങ്ങള്‍ കേസുമായി മുന്നോട്ട് പോവുകയാണെന്നും എല്ലാവരുടെയും പിന്തുണ ഒപ്പമുണ്ടാകണമെന്നും അഹാന കൃഷ്ണ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. സത്യം ജയിക്കട്ടെ എന്ന ഹാഷ്ടാഗിനൊപ്പമാണ് ദിയ കുറിപ്പ് പങ്കുവച്ചത്.
”കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങള്‍ക്കിടയിലും ഒരു നിമിഷം എല്ലാവര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3, 4 ദിവസങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കറുത്ത ദിനങ്ങളായിരുന്നു. പക്ഷേ നിങ്ങള്‍ ഓരോരുത്തരും എന്നിലും എന്റെ കുടുംബത്തിലും അര്‍പ്പിച്ച വിശ്വാസവും ഉപാധികളില്ലാത്ത സ്‌നേഹവും കാരണം ഞങ്ങള്‍ ആ ഇരുട്ട് അറിഞ്ഞതേയില്ല. നിങ്ങളുടെ സ്‌നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അത് ഞങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും സംരക്ഷണവും തന്നു ! മനുഷ്യത്വത്തിലും സത്യത്തിന്റെ അപാരമായ ശക്തിയിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിലെ എല്ലാര്‍ക്കും നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങള്‍ നിയമപരമായി മുന്നോട്ട് പോവുകയാണ്. നിങ്ങളില്‍ പലരും ആഗ്രഹിക്കുന്നതുപോലെ ഈ കേസിന്റെ സ്വാഭാവിക നടപടികളും പരിണിതഫലവും ഞങ്ങളും കാത്തിരിക്കുകയാണ്. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. ഒരിക്കല്‍ കൂടി നിങ്ങള്‍ ഓരോരുത്തര്‍ക്കും നന്ദി.”അഹാന കുറിച്ചു.