തിരുവനന്തപുരം| ഡ്യൂട്ടിയിലായിരുന്ന സര്‍ക്കാര്‍ ഡോക്ടറെ ജില്ലാ കലക്ടര്‍ സ്വകാര്യ ആവശ്യത്തിനായി വിളിച്ചു വരുത്തി ? തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിനെതിരേ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) രംഗത്തെത്തി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടറെയാണ് കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആക്ഷേപം. കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടില്‍ കാത്തിരിക്കേണ്ടി വന്നുവത്രേ. ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടിയിലിരിക്കെയാണ് ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്.

തിരക്കേറിയ ഒ.പിയില്‍ പൊതുജനങ്ങള്‍ക്ക് സേവനം നല്‍കിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് വിളിച്ചുവരുത്തിയ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.ജി.എം.ഒ.എ. കുറ്റപ്പെടുത്തി. കളക്ടറുടെ നടപടി കാരണം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടാകണമെന്നുമാണ് സംഘടനയുടെ ആവശ്യം. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരോട് മാന്യമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ. ജില്ലാ ഘടകം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here