ചൊവ്വാഗ്രഹവുമായി ഏറ്റവും സാമ്യമുള്ള സ്ഥലങ്ങളിലൊന്നാണ് ലഡാക്കിലെ സോ കാര്‍ താഴ്‌വാര. സമുദ്ര നിരപ്പില്‍ നിന്നു 4,530 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ അന്യഗ്രഹങ്ങളിലേതിനോടു സാദൃശ്യമുള്ള അവസ്ഥയില്‍ മനുഷ്യന്റെ ശാരീരികവും മാനസികവുമായ പ്രതികരണങ്ങള്‍ പഠനവിധേയമാക്കാന്‍ സാധിക്കും.

ബെംഗളൂരു ആസ്ഥാനമായുള്ള ബഹിരാകാശ സാങ്കേതിക കമ്പനിയായ പ്രോട്ടോപ്ലാനറ്റ്, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുമായി ചേര്‍ന്നുകൊണ്ട ഭാവി മനുഷ്യ ബഹിരാകാശ പര്യവേഷണത്തില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ സഹായിക്കുന്ന ഹ്യൂമന്‍ ഔട്ടര്‍ പ്ലാനറ്റ് എക്‌സ്‌പ്ലോറേഷന്‍ (HOPE) സ്‌റ്റേഷന്‍ എന്നറിയപ്പെടുന്ന അനലോഗ് സ്‌റ്റേഷന്‍ ഇവിടെ വികസിപ്പിച്ചു. ദൗത്യാംഗങ്ങള്‍ക്കു താമസിക്കാന്‍ എട്ട് മീറ്റര്‍ വ്യാസമുള്ള ഹാബിറ്റാറ്റ് മൊഡ്യൂളും പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി അഞ്ച് മീറ്റര്‍ വ്യാസമുള്ള യൂട്ടിലിറ്റി മൊഡ്യൂളും സജ്ജീകരിച്ചാണ് ഹോപ് ഡിസൈന്‍ ചെയതിട്ടുള്ളത്.

എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ രാഹുല്‍ മൊഗലപ്പള്ളി, ജ്യോതിര്‍ജീവ ശാസ്ത്രജ്ഞനായ യമന്‍ അകോട്ടും എന്നിവര്‍ അടുത്ത 10 ദിവസം നീണ്ടുനില്‍ക്കുന്ന പരീക്ഷണ ഗവേഷണങ്ങള്‍ക്ക് സ്‌റ്റേഷനില്‍ പ്രവേശിച്ചു.

ദീര്‍ഘകാല ബഹിരാകാശ യാത്രയുടെ ശാരീരികവും മാനസികവുമായ വശങ്ങള്‍ മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞരെയും ഗവേഷകരെയും ഇവിടത്തെ പരീക്ഷണങ്ങള്‍ സഹായിക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗന്‍യാന്‍ ദൗത്യത്തിന്റെയും ചന്ദ്രന്‍, ചൊവ്വ പര്യവേഷണ ദൗത്യത്തിന്റെയും തയ്യാറെടുപ്പുകള്‍ നടത്തുന്നതിടയില്‍ സുപ്രധാനമായ ചുവടുവയ്പ്പാണ് ഈ അനലോഗ് ദൗത്യമെന്ന് ഐ.എസ്.ആര്‍.ഒ പറയുന്നു.

ഐ.എസ്.ആര്‍.ഒയുടെ ഹ്യൂമന്‍ സ്‌പെയ്‌സ് ഫൈ്‌ളറ്റ് സെന്ററാണ് അനലോഗ് ദൗത്യത്തിനു നേതൃത്വം നല്‍കുന്നത്. തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇസ്റ്റിറ്റിയൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജി, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി, ഐ.ഐ.ടി ഹൈദരാബാദ്, ഐ.ഐ.ടി മുംബൈ, ബംഗളൂരു ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എയ്‌റോസ്‌പെയ്‌സ് മെഡിസിന്‍ എന്നിവര്‍ രൂപകല്‍പ്പന ചെയ്ത പരീക്ഷങ്ങളാണ് ദൗത്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഭൂപ്രകൃതി, പരിസ്ഥിതി മുതലായവയുടെ കാര്യത്തില്‍ ഒരു ഗ്രഹത്തിനോ ഗ്രഹത്തിന്റെ ഭാഗത്തിനോ ഏറ്റവും അടുത്തുവരുന്ന ഗവേഷണ സ്ഥലമാണ് അനലോഗ് ഗവേഷണ കേന്ദ്രം. റഷ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോഫിസിക്‌സില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ലോസ്ഡ്‌ലൂപ്പ് ബയോഡോമായ ബയോസ് 3, യുഎസിലെ ജോണ്‍സണ്‍ സ്‌പേസ് സെന്ററിലെ രണ്ട് നിലകളുള്ള ഹെറ, യൂറോപ്പിലെ ഷീ അടക്കം ലോകത്ത് നിലവില്‍ 33 അനലോഗ് ഗവേഷണ കേന്ദ്രങ്ങളാണ് ഉള്ളത്.

വരണ്ടതും വരണ്ടതുമായ ഭൂപ്രകൃതി കാരണം യുഎസിലെ യൂട്ടാ നിരവധി ചൊവ്വ അനലോഗ് സൈറ്റുകളുടെ ആസ്ഥാനമാണ്. ഈ കേന്ദ്രങ്ങളില്‍, ശാസ്ത്രജ്ഞര്‍ക്ക് ചുവന്ന ഗ്രഹത്തിന് സമാനമായ സാഹചര്യങ്ങള്‍ പകര്‍ത്താനും പരിശീലിക്കാനും അവസരം ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here