കൊച്ചി | ചലച്ചിത്ര മിമിക്രി താരം കലാഭവന്‍ നവാസിനെ (51) ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പ്രകമ്പനം എന്ന സിനിമക്കാണ് നവാസ് ചോറ്റാനിക്കരയില്‍ എത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ വാതില്‍ തുറന്നു അകത്ത് കയറിയപ്പോള്‍ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് 4.00 മുതല്‍ 5.30 വരെ ആലുവ ടൗണ്‍ ജുമാമസ്ജിദില്‍ പൊതുദര്‍ശനം നടത്തും. അസ്വഭാവിക മരണത്തിന് ചോറ്റാനിക്കര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച നവാസിന്റെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. അതിനുശേഷം, വീട്ടിലേക്ക് മടങ്ങാനിരിക്കെയാണ് നവാസിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കലാഭവന്‍ മിമിക്രി ട്രൂപ്പില്‍ അംഗമായിരുന്ന നവാസ് മിമിക്രി വേദികളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനാകുന്നത്. 1995 ല്‍ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.