കോഴിക്കോട് | അമീബിക് മസ്തിഷ്‌ക ജ്വരം വീണ്ടും ഭീതി വിതയ്ക്കുന്നു. അസുഖ ബാധിതയായ അഞ്ചു വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെന്റിലേറ്ററില്‍ തുടരുന്നത്.
കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. മുന്നിയൂര്‍ പുഴയില്‍ കുളിച്ചപ്പോഴാണ് അമീബ ശരീരത്തില്‍ എത്തിയതെന്നാണ് വിവരം. കേരളത്തില്‍ മുമ്പ് ചുരുക്കം ചിലര്‍ക്ക് മാത്രമാണ് അമീബിക് മസ്ഷ്‌ക ജ്വരം ബാധിച്ചിട്ടുള്ളത്. അതേസമയം, ചികിത്സയ്ക്ക് ആവശ്യമായ ഒരു മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാലു കുട്ടികളെക്കൂടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്.
തലച്ചോറ് തിന്നുന്ന അമീബയെന്നാണ് ഇവ അറിയപ്പെടുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കും. പനി തലവേദന, ഛർദി അപസ്മാരം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.