ന്യൂഡല്‍ഹി | 2015-ല്‍ നിയമസഭയില്‍ നടന്ന ഒരു സംഘര്‍ഷവുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ എം.എ. വാഹിദിനെതിരായ കേസ് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് മുന്‍ സിപിഎം എംഎല്‍എ കെ.കെ. ലതിക സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉള്‍പ്പെട്ട ബെഞ്ച് വാഹിദിനും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. കേസ് തള്ളാന്‍ വാഹിദ് ഹൈക്കോടതിക്ക് മുമ്പാകെ വസ്തുതകള്‍ മറച്ചുവെച്ചതായി ആരോപിച്ചാണ് കെ.കെ. ലതിക ഹര്‍ജി നല്‍കിയത്.
2015 മാര്‍ച്ച് 13-ന് അന്നത്തെ ധനമന്ത്രി കെ.എം. മണി ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയപ്പോള്‍ നിയമസഭയില്‍ ഉണ്ടായ ഒരു ബഹളത്തിനിടെ, വാഹിദ് തന്നെ ആക്രമിച്ചതായി ലതികയുടെ ഹര്‍ജിയില്‍ പറയുന്നു. വാഹിദ് തന്നെ തടഞ്ഞുവെന്നും, തന്റെ എതിര്‍പ്പ് വകവയ്ക്കാതെ താഴേക്ക് തള്ളിയെന്നുമാണ് പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസ് ഫയല്‍ ചെയ്തു. എന്നാല്‍ പിന്നീട് കേരള ഹൈക്കോടതി അത് റദ്ദാക്കി. ലതികയുടെ സാക്ഷിമൊഴിയിലെ പല പ്രധാന ഭാഗങ്ങളും മറച്ചുവെച്ചാണ് വഹീദ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടിയതെന്ന് ലതികയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് പി.വി ദിനേശ് വാദിച്ചു. ഈ വാദത്തെ തുടര്‍ന്നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.