ന്യൂഡല്‍ഹി: തന്റെ ഭാവി പുനര്‍ജന്മത്തെ അംഗീകരിക്കാനുള്ള ഏക അധികാരം തന്റെ ട്രസ്റ്റിന് മാത്രമായിരിക്കുമെന്ന് ദലൈലാമ. നാളെ (ജൂലൈ 6) 90 വയസ്സ് തികയുകയാണ് ലാമയക്ക്. ജനങ്ങളെ സേവിക്കുന്നതിനായി ഇനിയും 30-40 വര്‍ഷം കൂടി ജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദലൈലാമയുടെ ഓഫീസ് 2015 ല്‍ സ്ഥാപിച്ച ലാഭേച്ഛയില്ലാത്ത സംഘടനയായ ഗാഡെന്‍ ഫോഡ്രാങ് ട്രസ്റ്ററിനാകും ഇനി ഭാവി പുനര്‍ജന്മത്തെ അംഗീകരിക്കുക.

മക്ലിയോഡ്ഗഞ്ചിലെ പ്രധാന ദലൈലാമ ക്ഷേത്രമായ സുഗ്ലാഗ്ഖാങ്ങില്‍ ഞായറാഴ്ച തന്റെ 90-ാം ജന്മവാര്‍ഷികത്തിന് മുന്നോടിയായി നടന്ന ദീര്‍ഘായുസ്സ് പ്രാര്‍ത്ഥനാ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല ആരോഗ്യത്തോടെ, പരമ്പരാഗത മെറൂണ്‍ സന്യാസി വസ്ത്രങ്ങളും ഒഴുകുന്ന മഞ്ഞ നിറത്തിലുള്ള ആവരണവും ധരിച്ച്, അദ്ദേഹം പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

”നിരവധി പ്രവചനങ്ങള്‍ നോക്കുമ്പോള്‍, അവലോകിതേശ്വരന്റെ അനുഗ്രഹം എനിക്കുണ്ടെന്ന് തോന്നുന്നു. ഇതുവരെ ഞാന്‍ എന്റെ പരമാവധി ചെയ്തിട്ടുണ്ട്. 30-40 വര്‍ഷം കൂടി ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഇതുവരെ ഫലം കണ്ടു. നമ്മുടെ രാജ്യം നഷ്ടപ്പെട്ടിട്ടും ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്നുണ്ടെങ്കിലും, അവിടെയാണ് എനിക്ക് ജീവജാലങ്ങള്‍ക്ക് ധാരാളം പ്രയോജനം ചെയ്യാന്‍ കഴിഞ്ഞത്. ഇവിടെ ധര്‍മ്മശാലയില്‍ താമസിക്കുന്നവര്‍. എനിക്ക് കഴിയുന്നത്ര ഉപകാരപ്പെടുകയും ജീവജാലങ്ങളെ സേവിക്കുകയും ചെയ്യുക എന്നതാണ് എന്റെ ഉദ്ദേശ്യം” – ദലൈലാമ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here