തിരുവനന്തപുരം | പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് ശേഷം ഇന്ത്യയെ അധിക്ഷേപിച്ച് രംഗത്തെത്തിയ മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് ദുബായില്‍ സ്വീകരണം നല്കിയ മലയാളി കൂട്ടായ്മയെ വിമര്‍ശിച്ച് സോഷ്യല്‍മീഡിയ. ദേശീയതലത്തില്‍ കടുത്ത വിമര്‍ശനമാണ് കേരളത്തിനുനേരെ ഉയരുന്നത്. ‘നൂറുശതമാനം സാക്ഷരത’ എന്ന് പറഞ്ഞുകൊണ്ടാണ് കേരളത്തെ സോഷ്യല്‍മീഡിയാ തേച്ചൊട്ടിക്കുന്നത്.
അഫ്രീദിക്ക് സ്വീകരണമൊരുക്കിയ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിച്ചതിനുപിന്നാലെയാണ് ദുബായിലെ മലയാളിക്കൂട്ടായ്മയ്ക്കെതിരേ പ്രതിഷേധം കനക്കുന്നത്. കൊച്ചിന് യൂണിവേഴ്സിറ്റി ബി.ടെക് അലുമ്നി അസോസിയേഷന് (സിയുബിഎഎ) സംഘടിപ്പിച്ച ‘ഓര്‍മച്ചുവടുകള്‍ 2025’ എന്ന പരിപാടിയിലാണ് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയെ സ്വീകരിച്ചത്. ദുബായിലെ ഔദ് മേത്തയിലുള്ള പാകിസ്ഥാന് അസോസിയേഷന് ദുബായ് (പിഎഡി) ഓഡിറ്റോറിയത്തിലായിരുന്നൂ ചടങ്ങ് സംഘടിപ്പിച്ചത്.
അഫ്രീദിയെ വേദിയിലേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്ന വീഡിയോയില്‍ കേരളത്തോടുള്ള തന്റെ ഇഷ്ടം അഫ്രീദി പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. പഹല്‍ഗാം ആക്രമണത്തിന് ശേഷമാണ് അഫ്രീദിയുടെ വിവാദ പ്രസ്താവന വന്നത്.
ഓപറേഷന് സിന്ദൂറില്‍ ഇന്ത്യ പരാജയപ്പെട്ടെന്നും പാക്കിസ്ഥാന് വിജയിച്ചെന്നും അവകാശപ്പെട്ടുകൊണ്ട് അഫ്രീദി പാക്കിസ്ഥാനില്‍ ബൈക്ക് റാലിയും നടത്തിയിരുന്നു.