തിരുവനന്തപുരം | ജന്മദിനത്തില്‍ ‘വൃഷഭ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച് മോഹന്‍ലാല്‍. ”എന്റെ ജന്മദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്യുന്നത് കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു. നിങ്ങളുടെ പ്രണയമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി.” – എന്നു കുറിച്ചുകൊണ്ടാണ് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ മോഹന്‍ലാല്‍ ഈ ചിത്രം പങ്കുവച്ചത്. നന്ദ കിഷോര്‍ സംവിധാനം ചെയ്ത പീരിയഡ് ആക്ഷന്‍ ഡ്രാമയാണ് വൃഷഭ. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 2025 ഒക്ടോബര്‍ 16 ന് ചിത്രം റിലീസാകും.
പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ എഴുതി:
”ഇത് പ്രത്യേകമാണ് – എന്റെ എല്ലാ ആരാധകര്‍ക്കും ഇത് സമര്‍പ്പിക്കുന്നു. കാത്തിരിപ്പ് അവസാനിക്കുന്നു. കൊടുങ്കാറ്റ് ഉണരുന്നു. അഭിമാനത്തോടെയും ശക്തിയോടെയും, നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുകയും കാലത്തിലൂടെ പ്രതിധ്വനിക്കുകയും ചെയ്യുന്ന ഒരു കഥയായ വൃഷഭയുടെ ഫസ്റ്റ് ലുക്ക് ഞാന്‍ അനാച്ഛാദനം ചെയ്യുന്നു. എന്റെ ജന്മദിനത്തില്‍ ഇത് അനാച്ഛാദനം ചെയ്യുന്നത് അതിനെ കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു – നിങ്ങളുടെ പ്രണയമാണ് എപ്പോഴും എന്റെ ഏറ്റവും വലിയ ശക്തി.”
മോഹന്‍ലാലിന്റെ ഈ പോസ്റ്റ് നിമഷങ്ങള്‍ക്കകം വൈറലായി മാറുകയും ചെയ്തു. മോഹന്‍ലാല്‍ നായകനാകുന്ന വൃഷഭയില്‍ , ഷാനയ കപൂര്‍, മഹേന്ദ്ര രജ്പുത്, രാമചന്ദ്ര രാജു, രാഗിണി ദ്വിവേദി, നേഹ സക്സേന എന്നിവരുള്‍പ്പെടെയുള്ള താരനിരയുണ്ട്.