ന്യൂഡല്‍ഹി | പാക്കിസ്ഥാന് കനത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഭാവിയില്‍ നടക്കുന്ന ഏതൊരു ഭീകരാക്രമണത്തെയും ഇനി രാജ്യത്തിനെതിരായ ‘യുദ്ധ’മായി കണക്കാക്കുമെന്നും അതനുസരിച്ചുതന്നെ ഇന്ത്യ പ്രതികരിക്കുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍.
ഭീകരതയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാകും ഇനി ഇന്ത്യയുടേതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഈ തീരുമാനം. ഭാവിയിലെ എല്ലാ ഭീകരാക്രമണങ്ങളെയും ‘യുദ്ധ’മായി കണക്കാക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ വാദത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ഇന്നലെ നടന്ന യോഗത്തില്‍ അംഗീകരിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എന്‍എസ്എ) അജിത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍, ഐബി, റോ മേധാവികള്‍ എന്നിവര്‍ ഭീകരവിരുദ്ധ ‘ഓപ്പറേഷന്‍ സിന്ദൂര’ത്തിന്റെ വിജയം വിലയിരുത്താന്‍ സന്നിഹിതരായിരുന്നു. 1999-ല്‍ കാണ്ഡഹാറിലേക്ക് ഐസി-814 വിമാനം റാഞ്ചിയ സംഭവത്തില്‍ കൊല്ലപ്പെട്ട ഭീകരരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി), റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) എന്നിവയുടെ മേധാവികള്‍ പങ്കെടുത്തു.