ന്യൂഡല്‍ഹി | ബുധനാഴ്ച രാവിലെ ഇന്ത്യ നടത്തിയ സൈനിക ആക്രമണത്തില്‍ തന്റെ കുടുംബാംഗങ്ങളില്‍ 10 പേരും നാല് കൂട്ടാളികളും കൊല്ലപ്പെട്ടതായി പാകിസ്ഥാന് ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം) തലവന്‍ മൗലാന മസൂദ് അസ്ഹര്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യ ഇന്നലെ രാത്രിയോടെ ‘ഓപ്പറേഷന് സിന്ദൂര്‍’ എന്ന പേരില്‍ നടത്തിയ സൈനിക ആക്രമണത്തിലാണ് മൗലാന മസൂദ് അസ്ഹറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടത്.
പാകിസ്ഥാനിലെയും പാകിസ്ഥാന് അധിനിവേശ ജമ്മു കശ്മീരിലെയും (പിഒജെകെ) ഒമ്പത് തീവ്രവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യന്‍ ഓപ്പറേഷന്.
ബഹവല്‍പൂരിലെ ജാമിയ മസ്ജിദ് സുബ്ഹാന് അല്ലാഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് തലവന്റെ മൂത്ത സഹോദരിയും ഭര്‍ത്താവും, ഒരു അനന്തരവനും ഭാര്യയും, മറ്റൊരു മരുമകളും, അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് കുട്ടികളും ഉള്‍പ്പെടുന്നതായി അസ്ഹറിന്റേതായി പറയപ്പെടുന്ന പ്രസ്താവനയില്‍ പറയുന്നു.
ആക്രമണത്തില്‍ അസ്ഹറിന്റെ അടുത്ത കൂട്ടാളികളില്‍ ഒരാളുടെയും അമ്മയുടെയും മറ്റ് രണ്ട് അടുത്ത കൂട്ടാളികളുടെയും ജീവന് നഷ്ടപ്പെട്ടുവെന്നും മൗലാന മസൂദ് അസ്ഹര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.