തിരുവനന്തപുരം | സംസ്ഥാനത്തെ ഫൈന്‍ ആര്‍ട്സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവര്‍ത്തനങ്ങളും കാലോചിതമായി പരിഷ്കരിക്കാന്‍ സര്‍ക്കാര്‍.
ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തില്‍ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷന്റെ ശിപാര്‍ശകളിലൊന്നാണ് ഫൈന്‍ ആര്‍ട്സ് കോളേജുകളെ വിഷ്വല്‍ ആര്‍ട്ട് കോളേജുകളായി മാറ്റണമെന്നത്. കാലോചിതമായി എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് പഠിക്കാനാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഈ കമ്മീഷന് രൂപീകരിച്ചത്.
പുതിയ പഠനരീതികള്‍ കൊണ്ടുവരികയും പഴയവ അടിമുടി മാറ്റുകയും ചെയ്യണമെന്നതാണ് പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന്. പ്രവേശനരീതിയിലും മൂല്യനിര്‍ണ്ണയത്തിലും ഭരണ സംവിധാനത്തിലും സമഗ്ര മാറ്റങ്ങളും, സെമസ്റ്റര്‍ സംവിധാനം കൊണ്ടുവരലും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു. നിലവിലെ സ്ഥാപനസ്വഭാവവും ഫാക്കല്‍റ്റി രൂപവും ഇതുവഴി നവീകരിക്കപ്പെടണമെന്ന് കമ്മീഷന് നിര്‍ദ്ദേശിക്കുന്നു.
വിശ്രുതനായ വിശ്വകലാകാരന് കെ സി എസ് പണിക്കരുടെ നാമധേയത്തില്‍ പുതിയൊരു ആര്‍ട് കോളേജ് കമ്മീഷന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫൈന്‍ ആര്‍ട്സ് കോളേജുകളെ മാറിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തില്‍ വിഷ്വല്‍ ആര്‍ട്ട് കോളേജുകളായി വിഭാവനം ചെയ്യണമെന്ന നിര്‍ദ്ദേശവും കമ്മീഷന് മുന്നോട്ടുവെച്ചിട്ടുണ്ട്. ബി എഫ് എ, എം എഫ് എ കോഴ്സുകള്‍ക്ക് ഇതനുസരിച്ച് പുനര്‍നാമകരണവും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫൈന്‍ ആര്‍ട്സ് കോളേജുകളെ യു ജി സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി ഭരണപരമായി പുനസ്സംഘടിപ്പിക്കണമെന്നത് മറ്റൊരു ശുപാര്‍ശയാണ്. ഒരൊറ്റ അക്കാദമിക് – ഭരണ സംവിധാനത്തിന് കീഴിലാക്കണമെന്നാണ് ഈ നിര്‍ദ്ദേശം.
കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ പെയിന്റിങ് ഡിപ്പാര്‍ട്മെന്റ്, ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഫാക്കല്റ്റിയില്നിന്നും മാറി പ്രത്യേക ഫാക്കല്‍റ്റിയായി രൂപകല്പന ചെയ്യണമെന്നും കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നു. എം ജി സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത തൃപ്പൂണിത്തുറ ആര് എല്‍ വി കോളേജിനെ പ്രത്യേകം വിഷ്വല്‍ ആര്‍ട്സ് കോളേജാക്കുക, മാവേലിക്കര രാജാ രവി വര്‍മ്മ സെന്റര്‍ ഓഫ് എക്സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്ടിനെ, വിഷ്വല്‍ ആര്‍ട്ട് പഠന വകുപ്പായി വിഭാവനം ചെയ്യുക എന്നിവയും നിര്‍ദ്ദേശങ്ങളാണ്.
ബിരുദ-ബിരുദാന്തര കോഴ്സുകള്‍ പ്രധാനമായും നൈപുണിയിലും സാങ്കേതികതയിലും ഊന്നല്‍ നല്കിയവ ആയതിനാല്‍ സെമസ്റ്റര്‍-ക്രെഡിറ്റ് ഘടനയിലേക്ക് മാറണമെന്നും ഉള്ളടക്കം സമഗ്രമായി മാറണമെന്നും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. സങ്കല്പനവും സാങ്കേതികതയും സമന്വയിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദ്ദേശം വെച്ചിട്ടുള്ളത്.
ഇന്റര്‍ മീഡിയ പ്രാക്ടീസസ്, ക്യുറട്ടോറിയല്‍ പ്രാക്ടീസസ്, ആര്‍ട്ട് ഹിസ്റ്ററി ആന്‍ഡ് വിഷ്വല്‍ സ്റ്റഡീസ്, ഇന്റര്‍ ഡിസിപ്ലിനറി മീഡിയ ആന്‍ഡ് ഡിസൈന്‍ പ്രാക്ടീസസ് തുടങ്ങിയ നവകാല പ്രാധാന്യമുള്ള ബിരുദാന്തര ബിരുദ കോഴ്സുകളും കമ്മീഷന് നിര്‍ദ്ദേശിക്കുന്നു. കോളേജുകളില്‍ ഗ്രാഫിക്സ്/പ്രിന്റ് മേക്കിങ് വകുപ്പുകളും, കലാചരിത്ര പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഫൈന്‍ ആര്‍ട്സ് കോളേജുകളിലും ആര്‍ട്ട് ഹിസ്റ്ററി വിഭാഗവും സ്ഥാപിക്കല്‍ മറ്റൊരു ശുപാര്‍ശയാണ്. കോമണ്‍ സ്റ്റുഡിയോസ്, എക്സിബിഷന് ഗ്യാലറി തുടങ്ങിയ പശ്ചാത്തലസൗകര്യ വികസനവും കോളേജുകളില്‍ ശുപാര്‍ശ ചെയ്യുന്നു.
തുടര്‍ച്ചയായ വര്‍ക്ക്-ഷോപ്പുകള്‍, ബോധനരീതി ശാസ്ത്രവും ഉള്ളടക്കവും വികസിപ്പിക്കലും, സ്പെഷ്യലൈസേഷന് വളര്‍ത്തലും ലക്ഷ്യമിട്ട് ഉണ്ടാവണമെന്ന് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുതിയ പ്രവേശനരീതിയും കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നു.
കമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വിശദമായി പഠിക്കുകയും തുടര്‍ചര്‍ച്ചകള്‍ക്ക് വിധേയമാകുകയും ചെയ്യും. ഉരുത്തിരിഞ്ഞു വരുന്ന പൊതു അഭിപ്രായങ്ങള്‍കൂടി സമാഹരിക്കുകയും സംഗ്രഹിക്കുകയും ചെയ്തുകൊണ്ട്, ഭാവി പ്രവര്‍ത്തനം ആസൂത്രണം ചെയ്യും. മറ്റു കമ്മീഷനുകളുടെ ശുപാര്‍ശകള്‍ എത്രയും പെട്ടെന്ന് പ്രവൃത്തി പഥത്തില്‍ എത്തിക്കുകയും അവയുടെ ഗുണഫലം വിദ്യാര്‍ഥിസമൂഹത്തിനും പൊതുസമൂഹത്തിനും ഒരേ പോലെ ലഭ്യമാക്കുകയും ചെയ്ത മാതൃകയില്‍, ഈ റിപ്പോര്‍ട്ടിലും അടിയന്തിര നടപടികള്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യമാറ്റത്തിലും നവലോകസൃഷ്ടിയിലും എക്കാലത്തും ഉയര്‍ന്ന പങ്ക് നിറവേറ്റിപ്പോരുന്ന കലാമേഖലയെ പരിപോഷിപ്പിക്കുന്നതില്‍ അഭിമാനകരമായ സംഭാവനകള്‍ നല്കുന്ന കലാപഠന സ്ഥാപനങ്ങളാണ് ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ ആറ് ഫൈന്‍ ആര്‍ട്സ് കോളേജുകള്‍.
നവകേരള സൃഷ്ടിയുടെ അവിഭാജ്യഭാഗമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ കലാപ്രവര്‍ത്തനങ്ങള്‍ കൂടി സമന്വയിക്കപ്പെടണമെന്നാണ് ഈ സര്‍ക്കാരിന്റെ കാഴ്ചപ്പാട്. ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിനൊപ്പം, കേരളത്തിന്റെ സമഗ്ര വികസനത്തിന് സംഭാവനയര്‍പ്പിക്കുന്ന ട്രാന്സ്ലേഷനല് പ്രവര്‍ത്തനങ്ങളില്‍ നേതൃപങ്കുള്ളവയായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയും ചെയ്തുകൊണ്ടാണ് ഇതിനായുള്ള പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കലാപഠനത്തിന് ഈ നവജനാധിപത്യമുന്നേറ്റത്തിലും, കേരള സമ്പദ്ഘടനയുടെ ശാക്തീകരണത്തിലും, സ്വന്തം സാംസ്കാരികസ്രോതസ്സുകളെ ഉപയുക്തമാക്കി എന്തെല്ലാം സംഭാവനകള്‍ നല്കാന് കഴിയുമെന്ന് വെളിപ്പെടുത്തുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ക്രിയേറ്റീവ് എക്സ്പ്രഷന്‍സ് ചെയര്‍പേഴ്സണ്‍ ഡോ. ശിവജി കെ പണിക്കര്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പെയിന്റിങ്ങ് ഹെഡ് പ്രൊഫ. ഷിജോ ജേക്കബ്, മാവേലിക്കര ആര് ആര് വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് പ്രിന്‍സിപ്പല്‍ മനോജ് വൈലൂര്‍, തൃശൂര്‍ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി ഡോ. കവിതാ ബാലകൃഷ്ണന്, തൃപ്പൂണിത്തുറ ആര് എല്‍ വി
മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അപ്ലൈഡ് ആര്‍ട്സ് ഫാക്കല്‍റ്റി ഡോ. സുധീഷ് കോട്ടമ്പ്രം, തൃപ്പൂണിത്തുറ ഗവ. ആര് എല്‍ വി മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സ് കോളേജ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്കള്‍പ്ച്ചര്‍ ഹെഡ് വിബിന് ജോര്‍ജ്, ആര്‍ട്ടിസ്റ്റ് സക്കീര്‍ ഹുസ്സൈന്‍, ആര്‍ട്ടിസ്റ്റ് സജിത ആര് ശങ്കര്‍ എന്നിവരാണ് കമ്മീഷനംഗങ്ങള്‍.