ജമ്മു | പഹല്‍ഗാം ആക്രമണത്തിലെ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ബിരുദാനന്തര ബിരുദധാരിയും മുന്‍ അധ്യാപകനുമായ ആദില്‍ ഹുസൈന്‍ തോക്കര്‍, തീവ്രവാദ പ്രവര്‍ത്തനങ്ങളോട് മുമ്പേ താല്‍പര്യം കാട്ടിയിരുന്നയാളാണെന്ന് ജമ്മു കശ്മീര്‍ പോലീസ്.
സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുന്ന തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പതിവായി പങ്കെടുക്കാറുണ്ടായിരുന്നൂവെന്നാണ് പോലീസ് കണ്ടെത്തിയത്. അനന്ത്നാഗ് ജില്ലയിലെ ബിജ്ബെഹാര സബ്ഡിവിഷനിലെ ഗുരി ഗ്രാമത്തില്‍ താമസിക്കുന്ന തോക്കര്‍ ഒരു വലിയ ഭൂസ്വത്തുകളുള്ള കുടുംബത്തിലേതാണെന്ന്് തെളിഞ്ഞിട്ടുണ്ട്.
കോളേജ് പഠനകാലത്താണ് തോക്കറിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ കാലഘട്ടത്തിലാണ് മതപരമായ ഒത്തുചേരലുകളിലും സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളുടെ ശവസംസ്‌കാര ചടങ്ങുകളിലും പങ്കെടുക്കാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുണ്ട്.
”ആദില്‍ പാകിസ്ഥാനിലേക്ക് പോകുന്നതിന് വളരെ മുമ്പുതന്നെ സുരക്ഷാ സേന വധിക്കുന്ന ഭീകരുടെ വീടുകളിലും ശവസംസ്‌കാരത്തിലും പങ്കെടുക്കുമായിരുന്നു. അന്ന്, നിരവധി നാട്ടുകാര്‍ അത്തരം ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തതിനാല്‍ ആരും ഇതിനെക്കുറിച്ച് അധികം ചിന്തിച്ചിരുന്നില്ല. 2018 ല്‍ ആദില്‍ ഹുസൈന്‍ തോക്കറെ കാണാതായപ്പോള്‍ മാത്രമാണ് സംശയം ഉയര്‍ന്നത്,” – ഒരുതദ്ദേശവാസി പറയുന്നു.
2018 ല്‍ തോക്കര്‍ പാകിസ്ഥാനിലേക്ക് പോയതായാണ് വിവരം. ഇതിനകം തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും പരിശീലനത്തിനായാണ് പാകിസ്ഥാനിലേക്ക് പോയതെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പഹല്‍ഗാം ആക്രമണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആദില്‍ തോക്കര്‍ പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നു. കശ്മീര്‍ താഴ്വരയിലെ വിനോദസഞ്ചാരികളെയും ഹോട്ടലുകളെയും കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.പൂഞ്ച്-രജൗരി, ദോഡ-കിഷ്ത്വാര്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.