തിരുവനന്തപുരം | സിവില്‍ സര്‍വീസ് പരീക്ഷയില്‍ 835-ാം റാങ്ക് നേടിയ ജി. കിരണിനെ പട്ടികജാതി- പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു ആദരിച്ചു. പട്ടികജാതി വികസന വകുപ്പ് സിവില്‍ സര്‍വീസ് പരിശീലനത്തിനായി നടപ്പാക്കുന്ന ‘ലക്ഷ്യ’ സ്‌കോളര്‍ഷിപ്പ് നേടിയാണ് കിരണ്‍ പഠിച്ചത്.
കൂടുതല്‍ പട്ടിക വിഭാഗം വിദ്യാര്‍ഥികളെ സിവില്‍ സര്‍വീസിലെത്തിക്കുന്നതിനായി ലക്ഷ്യ സ്‌കോളര്‍ഷിപ്പ് വിപുലമാക്കുമെന്നും കിരണിന്റെ വിജയം കൂടുതല്‍ പേര്‍ക്ക് പ്രചോദനമാകട്ടെയെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം പരശുവയ്ക്കല്‍ സ്വദേശിയായ കിരണ്‍ അഞ്ചാം ശ്രമത്തിലാണ് മെയിന്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ നെടുമ്പഴഞ്ഞി ജി എന്‍ ഭവനില്‍ ഗോപി-ലളിത ദമ്പതികളുടെ മകനാണ്. സഹോദരന്‍: ലിധിന്‍. തപാല്‍ സര്‍വീസിലെ ജോലി രാജിവെച്ച ശേഷമാണ് പൂര്‍ണമായും സിവില്‍ സര്‍വീസ് പഠനത്തിലേക്ക് തിരിഞ്ഞത്.
ലക്ഷ്യ സ്‌കോളര്‍ഷിപ്പിലൂടെ iLearn എന്ന സ്ഥാപനത്തിലായിരുന്നു പരിശീലനം. പട്ടികജാതിക്കാര്‍ക്ക് കേരളത്തിലെവിടെയും പട്ടിക വര്‍ഗക്കാര്‍ക്ക് ഇന്ത്യയിലെവിടെയും സിവില്‍ സര്‍വീസിന് പഠിക്കാവുന്ന പദ്ധതിയാണ് ‘ലക്ഷ്യ’. മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനും അഭിമുഖത്തിനുമുള്ള ചെലവുകളും വകുപ്പ് വഹിക്കും.
ജോയിന്റ് ഡയറക്ടര്‍ സിന്ധു പരമേശ്, സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജര്‍ ടി ഹണി, പട്ടികവര്‍ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിപിന്‍ദാസ് വൈ തുടങ്ങിയവരും പങ്കെടുത്തു.