ഭാവിയില്‍ പാക് സര്‍ക്കാരിനെതിരേ കര്‍ഷകരും സാധാരണക്കാരും തിരിയും ; ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഉന്നത കമാന്‍ഡര്‍മാരെല്ലാം പാക്‌സൈന്യത്തിന്റെ സുരക്ഷയില്‍ അഭയം തേടിയതായാണ് സൂചന.

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നയതന്ത്ര നീക്കം ചടുലമാക്കുമ്പോഴും ഇന്ത്യന്‍ നീക്കം പാക്കിസ്ഥാനെ വരിഞ്ഞുമുറുക്കും. ഭാവിയില്‍ പാക്‌സര്‍ക്കാരിനെതിരേ പാക്ജനത തന്നെ തെരുവിലിറങ്ങുന്ന സ്ഥിതിയിലേക്കാകും ഇന്ത്യന്‍ നടപടികളുടെ അനന്തരഫലം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി(സി.സി.എസ്) ആണു തിരിച്ചടികളുടെ ആദ്യഘട്ടമായി അഞ്ചു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. പാക് പൗരന്മാര്‍ ഉടന്‍ ഇന്ത്യ വിടണമെന്നാണു പ്രധാന തീരുമാനം. വാഗ, അട്ടാരി അതിര്‍ത്തി അടയ്ക്കും. സിന്ധുനദീജല കരാര്‍ മരവിപ്പിക്കും. പാക് ഉദ്യോഗസ്ഥര്‍ ഒരാഴ്ചയ്ക്കകം രാജ്യംവിടണമെന്നും ഇന്ത്യ നിര്‍ദേശിച്ചു. ജമ്മു- കശ്മീരില്‍ വിജയകരമായി തെരഞ്ഞെടുപ്പ് നടത്തിയതും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയും വികസനവും എതിരാളികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി വിലയിരുത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് അനന്ത്നാഗ് പോലീസ് 20 ലക്ഷം രൂപ പ്രഖ്യാപിച്ചു.

1960-ലെ സിന്ധു നദീജല കരാര്‍ മരവിപ്പിക്കുന്നതോടെ പാക്കിസ്ഥാന് കനത്ത വിലയാകും നല്‍കേണ്ടി വരിക. ഈ നദീജലമുപയോഗിച്ചാണ് പാക്കിസ്ഥാനിലെ കര്‍ഷകരും സാധാരണ ജനങ്ങളും ജീവിതം കെട്ടിപ്പടുക്കുന്നത്. വൈദ്യുതി ഉത്പാദനമടക്കം നിരവധി പദ്ധതികളിലേക്കും പാക്കിസ്ഥാന്‍ ഈ ജലം വിനിയോഗിക്കുന്നുണ്ട്. ഇതോടെ നിലവില്‍ സാമ്പത്തിക ഞെരുക്കത്തിലായ പാക്കിസ്ഥാനില്‍ ആഭ്യന്തര കലഹം പൊട്ടിപ്പുറപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യന്‍നീക്കത്തിന്റെ ഫലമായി മറ്റു രാജ്യങ്ങളും പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താനും തുനിഞ്ഞാല്‍ പാക്കിസ്ഥാന്റെ നില കൂടുതല്‍ പരുങ്ങലിലാകും. എങ്കില്‍ പട്ടാള നിയന്ത്രണത്തിലുള്ള സര്‍ക്കാരിനെതിരേ ജനങ്ങള്‍ ഭാവിയില്‍ രംഗത്തെത്താനും ഇടയുണ്ട്.

വാഗ, അട്ടാരി അതിര്‍ത്തി അടച്ചിടുന്നതും പാക് പൗരന്മാര്‍ക്കുള്ള വിസാ ഇളവ് സമ്പൂര്‍ണ്ണമായും റദ്ദാക്കുന്നതും കനത്ത നീക്കമാണ്. ആഗോളതലത്തില്‍ പാക്ക് പൗരന്മാരെ ഒറ്റപ്പെടുത്താനുള്ള കാരണമായി ഭീകരവാദം ഉയര്‍ന്നുവരികയും ചെയ്യും.

എല്ലാ സേനകളോടും ജാഗ്രത പാലിക്കാന്‍ ഇന്ത്യ നിര്‍ദേശം നല്‍കിയതിലൂടെ ഏതു നിമിഷവും ഇന്ത്യയുടെ തിരിച്ചടി ഉണ്ടാകുമെന്നു തന്നെയാണ് പാക്കിസ്ഥാനിലും പരക്കെ ഉയരുന്ന ആശങ്ക. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും പാക്പൗരന്മാര്‍ ഒഴിഞ്ഞുപോകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭീകര സംഘടനയായ ദ് റെസിസ്റ്റന്‍സ് ഫ്രണ്ടിന്റെ ഉന്നത കമാന്‍ഡര്‍മാരെല്ലാം പാക്‌സൈന്യത്തിന്റെ സുരക്ഷയില്‍ അഭയം തേടിയതായാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here