തിരുവനന്തപുരം | ഷൂട്ടിംഗ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന് നടി വിന്‍സി അലോഷ്യസ് വെളിപ്പെടുത്തിയതിനു പിന്നാലെ നടന്ന പോലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട നടന്‍ ഷൈംടോം ചാക്കോ ഒളിവില്‍. സംസ്ഥാനം വിട്ടതായാണ് പോലീസിന് ലഭിക്കുന്ന സൂചന.
കൊച്ചി ബോള്‍ഗാട്ടിയിലെ ഒരു ഹോട്ടലില്‍ നിന്നാണ് ഷൈന്‍ രക്ഷപ്പെട്ടത്. സിറ്റി പോലീസിന്റെ ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയതിനു പിന്നാലെയാണ് സിനിമാ സ്റ്റയിലില്‍ രക്ഷപ്പെട്ട് ഓടിയത്.
ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് ഉപയോഗിച്ചാണ് നടന്‍ യാത്ര ചെയ്തതെന്ന് പോലീസ് പറഞ്ഞു. അതേസമയം, നടന്റെ അവസാന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തമിഴ്നാട്ടിലേക്ക് കണ്ടെത്തിയതിനാല്‍, അദ്ദേഹം സംസ്ഥാനം വിട്ടുപോയതായുള്ള പോലീസിന്റെ സംശയം കൂടുതല്‍ ബലപ്പെടുകയാണ്.
ഷൈന്‍ ടോമിനെ കണ്ടെത്താന്‍ കൊച്ചിയിലും തൃശൂരിലും വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും രണ്ടിടത്തും അദ്ദേഹത്തെ കണ്ടെത്താനായില്ല. ഈ സമയത്താണ് ടവര്‍ ലൊക്കേഷന്‍ ഡാറ്റ ലഭിച്ചത്. അദ്ദേഹം തമിഴ്നാട്ടിലെവിടെയോ ഒളിവിലാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.