ന്യൂഡല്‍ഹി | അമേരിക്ക-ചൈന വ്യാപാര സംഘര്‍ഷത്തെത്തുടര്‍ന്ന് നിക്ഷേപകരുടെ ആശങ്കകള്‍ കാരണം തിങ്കളാഴ്ചയും അസംസ്‌കൃത എണ്ണവില കുറയുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള ദീര്‍ഘകാല സംഘര്‍ഷം ആഗോള വളര്‍ച്ചയെ മന്ദഗതിയിലാക്കാനും ഇന്ധനത്തിനായുള്ള ആവശ്യം ദുര്‍ബലപ്പെടുത്താനുമുള്ള സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് തിരിച്ചടിയാകുന്നത്.
ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 64.47 ഡോളറിനാണ് ഇന്ന് വ്യാപാരം നടത്തിയത്. 29 സെന്റ് അഥവാ 0.45 ശതമാനം കുറഞ്ഞു. അതേസമയം യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഓയില്‍ 27 സെന്റ് അഥവാ 0.44 ശതമാനം കുറഞ്ഞ് ബാരലിന് 61.23 ഡോളറിലെത്തി. തീരുവയുദ്ധം നിലനില്‍ക്കുന്നതിനാല്‍ ഏപ്രില്‍ ആദ്യം മുതല്‍ വില ഏകദേശം 10 ഡോളര്‍ കുറഞ്ഞിട്ടുണ്ട്. വിപണിയിലെ അനിശ്ചിതത്വം കാരണം യുഎസ് ഊര്‍ജ്ജ കമ്പനികള്‍ ഡ്രില്ലിംഗ് പ്രവര്‍ത്തനങ്ങള്‍ കുറച്ചു. 2023 ജൂണിനു ശേഷമുള്ള ഏറ്റവും വലിയ എണ്ണ റിഗ്ഗുകളുടെ വെട്ടിക്കുറവാണ് കഴിഞ്ഞ ആഴ്ചയാണ് ഉണ്ടായത്.