തിരുവനന്തപുരം | സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വഞ്ചനാക്കേസില്‍ ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും ഭാര്യയും രംഗത്തെത്തി. കൊച്ചിയില്‍ ജനുവരി 25ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു പരാതി. എന്നാല്‍ ഷാനും ഭാര്യയും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ ആരോപണം തള്ളി.
സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതലേ വെല്ലുവിളികള്‍ നേരിട്ടിരുന്നതായും അതിലൊന്ന് പരാതിക്കാരനായ നിജു രാജ് അബ്രഹാമുമായി ഉണ്ടായ തര്‍ക്കമായിരുന്നുവെന്നും ഷാന്‍ റഹ്മാനും ഭാര്യയും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവച്ചിട്ടുമുണ്ട്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നാണ് പ്രസ്താവനയിലൂടെ പറയുന്നത്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനു കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ടെന്നും ഷാന്‍ അറിയിക്കുന്നു.