തിരുവനന്തപുരം | നടന്‍ മമ്മൂട്ടിയുടെ പേരില്‍ ശബരിമലയില്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. വാര്‍ത്തയ്‌ക്കൊപ്പം ആ വഴിപാട് രസീതും സോഷ്യല്‍മീഡിയായില്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം താന്‍ നടത്തിയ വഴിപാടിന്റെ രസീത് ഏതോ ദേവസ്വം ഉദ്യോഗസ്ഥര്‍ ചോര്‍ത്തിയതാണെന്നും അതു ശരിയല്ലെന്നും നടന്‍ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ ആരോപണം തള്ളി രംഗത്തുവന്നത്.

നടന്‍ മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും രസീതു വിവരങ്ങള്‍ പരസ്യപ്പെടുത്തിയതു ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ശബരിമല ദര്‍ശനം നടത്തിയ വേളയില്‍ നടന്‍ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഒരു ഭാഗം മോഹന്‍ലാലിന് നല്‍കിയിട്ടുണ്ട്. ഇത് വഴിപാട് നടത്തുന്ന ഏതൊരു ഭക്തനും നല്‍കുന്ന ഭാഗമാണ്. ഈ രസീതാണ് മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. ഒരു വഴിപാടിനു പണമടയ്ക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറും. അതുകൊണ്ടു തന്നെ രസീത് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടൂവെന്ന് പറയുന്നത് ശരിയല്ലെന്നാണ് ദേവസ്വംബോര്‍ഡ് ചൂണ്ടിക്കാട്ടുന്നത്.

മോഹന്‍ലാല്‍ വഴിപാട് നടത്തിയപ്പോള്‍ അദ്ദേഹം ചുമതലപ്പെടുത്തിയ ആള്‍ക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ലെന്നും ദേവസ്വംബോര്‍ഡ് അറിയിക്കുന്നു. ഈ വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here