കൊച്ചി | മലയാള സിനിമയിലെ നൂറുകോടി ക്ലബ്ബുകളെല്ലാം തന്നെ തട്ടിപ്പാണണെന്ന് മുമ്പേത്തന്നെ ആരോപണമുണ്ടായിരുന്നു. സന്തോഷ് പണ്ഡിറ്റടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയെങ്കിലും ആരും കാര്യമാക്കിയില്ല. എന്നാല്‍ പ്രമുഖ നിര്‍മ്മാതാവായ വേണു കുന്നപ്പിള്ളിയുടെ വെളിപ്പെടുത്തലാണ് ഈ ആരോപണത്തെ ശരിവച്ചത്.
ഉണ്ണിമുകുന്ദന്റെ ഹിറ്റ്ചിത്രമായ മാളികപ്പുറം നൂറുകോടിനേടിയെന്ന് പോസ്റ്ററുകള്‍ ഇറക്കിയിരുന്നു. മമ്മൂട്ടിയുടെ മാമാങ്കം 135 കോടി നേടിയെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതുരണ്ടും മറ്റുപലരുടെയും ഉപദേശപ്രകാരം ചെയ്തുപോയതാണെന്നാണ് നിര്‍മ്മാതാവായ വേണുകുന്നപ്പള്ളിയുടെ കുമ്പസാരം.
”മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആകെ 75 കോടി മാത്രമാണ് നേടിയത്. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. മാളികപ്പുറം പോലെ തന്നെ തന്റെ ആദ്യ ചിത്രമായ മാമാങ്കവും 100 കോടി ക്ലബില്‍ ഇടം നേടിയില്ല. സിനിമയുടെ കളക്ഷന്‍ താഴോട്ട് പോയപ്പോള്‍ ചെയ്ത മണ്ടത്തരമായിരുന്നു. ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷന്‍ ഉണ്ടായിരുന്നു. പിന്നീട്, താഴോട്ട് പോയപ്പോഴാണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റര്‍ എഴുതാമെന്ന് ചിലര്‍ ഉപദേശിച്ചത്.” – വേണു പറയുന്നു. എന്നാല്‍ 2018 എന്ന ചിത്രത്തിന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി 25 സാറ്റലെറ്റ് ഉള്‍പ്പെടെ വിറ്റുപോയതാണെന്നും വേണു വ്യക്തമാക്കി.