ചന്ദ്രനിലെ സമതലമായ മേര്‍ ക്രിസിയത്തില്‍ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 വിജയകരമായി ലാന്‍ഡ് ചെയ്തു. ചന്ദ്രന്റെ കാന്തിക, വൈദ്യുത മണ്ഡലങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിലൂടെ, ഗവേഷകര്‍ക്ക് അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെ കുറിച്ചും നിര്‍ണായക വിവരങ്ങള്‍ ബ്ലൂ ഗോസ്റ്റ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അമേരിക്കന്‍ കമ്പനി ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേസിന്റെ, സ്വകാര്യ ചാന്ദ്രദൗത്യമായ ബ്ലൂ ഗോസ്റ്റ് മിഷന്‍ 1 പൂര്‍ണ്ണ വിജയമാക്കികൊണ്ടാണ് ബ്ലൂ ഗോസ്റ്റ് ബഹിരാകാശ പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. 63 മിനിട്ടു നീണ്ട ലാന്‍ഡിംഗ് പ്രക്രിയ അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഇതോടെ ചന്ദ്രനില്‍ സുരക്ഷിതമായി ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ ലാന്‍ഡറായി ബ്ലൂ ഗോസ്റ്റ് മാറി. നേരത്തെ, ബ്ലൂ ഗോസ്റ്റ് പകര്‍ത്തിയ ചന്ദ്രോപരിതലത്തിലെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മറ്റൊരു അമേരിക്കന്‍ കമ്പനിയായ ഇന്‍ട്വിടീവ് മെഷീന്‍സിന്റെനോവ സി ഒഡീസിയസ് ലാന്‍ഡറായിരുന്നു ചന്ദ്രനില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ലാന്‍ഡന്‍. 2024 ഫെബ്രുവരി 14നായിരുന്നു നോവ ചന്ദ്രനില്‍ കാലു കുത്തിയത്. ലാന്‍ഡിംഗിനിടെ ഒരു കാലിനു പരിക്കുപറ്റി ചരിഞ്ഞുവീണാണ് നോവ ചന്ദ്രനെ തൊട്ടത്. അതിനാല്‍ തന്നെ നൂറു ശതമാനം വിജയകരമായി ലാന്‍ഡു ചെയത് സ്വകാര്യ പേടകമായി മാറിയിരിക്കുന്നത് ബ്ലൂ ഗോസ്റ്റാണ്.
നാസയുമായി ചേര്‍ന്നാണ് ഫയര്‍ഫ്‌ലൈ എയ്‌റോസ്‌പേ് ചാന്ദ്രദൗത്യം നടത്തിയത്. ചന്ദ്രനില്‍ സുരക്ഷിതമായ ലാന്‍ഡിങ്ങ് സമ്പൂര്‍ണ വിജയമാക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം കൂടി ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസ് സ്വന്തമാക്കി. നാസയുടെ സഹായത്തോടെ ജനുവരി 15നാണ് ബ്ലൂ ഗോസ്റ്റ് ദൗത്യം ആരംഭിച്ചത്. ബ്ലൂ ഗോസ്റ്റ് ദൗത്യം ചന്ദ്രനും ചൊവ്വയും കേന്ദ്രീകരിച്ചുള്ള ഭാവി പര്യവേഷണങ്ങളില്‍ നിര്‍ണായകമാകും എന്നും കമ്പനി അവകാശപ്പെട്ടു.
ചന്ദ്ര സമതലമായ മേര്‍ ക്രിസിയത്തിലാണ് ലാന്‍ഡര്‍ ഇറങ്ങിയത്. ചന്ദ്രനിലെത്തന്നെ ഏറ്റവും പരന്ന, പ്രധാനപ്പെട്ട പ്രതലങ്ങളിലൊന്നാണ് മേര്‍ ക്രിസിയം. ഇവിടെ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്താമെന്ന പ്രതീക്ഷയിലാണ് നാസ. മറ്റു രണ്ടു സ്വകാര്യ ലാന്‍ഡറുകള്‍ കൂടി ചന്ദ്രനിലേക്കുള്ള യാത്രയിലാണ്.