തിരുവനന്തപുരം | മലയാള സിനിമയിലെ ചൂഷണങ്ങള്‍ എന്ത് എങ്ങെനെയെന്ന് വരച്ചുകാട്ടുന്ന റിപ്പോര്‍ട്ട് നാലു വര്‍ഷത്തിനുശേഷം സര്‍ക്കാരിന്റെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്ന് പുറത്തേക്ക്. ആദ്യം കമ്മിഷനായി നിയമിച്ച് പിന്നീട് കമ്മിറ്റിയാക്കി തരംതാഴ്ത്തിയ ജസ്റ്റിസ് ഹേമ നേതൃത്വം നല്‍കിയ സംഘം തയാറാക്കിയ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്.
കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല സിനിമാ സെറ്റുകളില്‍ തുണി മറച്ച് മൂത്രമൊഴിക്കേണ്ടി വരുന്ന ഗതികേട് അടക്കം റിപ്പോര്‍ട്ട് വരച്ചു കാട്ടുന്നു. സിനിമയില്‍ അവസരം നല്‍കുന്നതിനു പകരം ശരീരം നല്‍കേണ്ടത് പതിവാണെന്നും ഇതൊരു സ്ഥിരം സംവിധാനമാക്കി പ്രവര്‍ത്തിക്കുന്ന ഇടനിലക്കാന്‍ ഒട്ടേറെയാണെന്നും വിവിധ മൊഴികള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സിനിമയില്‍ അവസരം ലഭിക്കാന്‍ അഡ്ജസ്റ്റുമെന്റും വിട്ടുവീഴ്ചയും ചെയ്യണമെന്ന പ്രയോഗം സിനിമയില്‍ സര്‍വ്വസാധാരണമാണ്. തയാറാകുന്നവരെ തിരിച്ചറിയാന്‍ പ്രത്യേക വിളിപ്പേര് – കോഓപ്പറേറ്റിംഗ് ആര്‍ട്ടിസ്റ്റ്. സ്ത്രീക്ക് താല്‍പര്യമില്ലെങ്കില്‍ പീഡനം നേരിടണം. നിര്‍ബന്ധിക്കും. നേരത്തെ പറയാത്ത സീനുകള്‍ അടക്കം തുടര്‍ച്ചയായി ആവര്‍ത്തിച്ച് എടുക്കും. സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ എന്തിനും വഴങ്ങേണ്ടി വരുന്ന സ്ഥിതി. സിനിമയില്‍ നിന്നു പുറത്താകുമെന്ന ഭീതിക്കൊപ്പം സ്വജീവനും വേണ്ടപ്പെട്ടവരുടെ ജീവനും ഭീഷണിവരെ ഉയരും.
സഹകരിക്കാന്‍ തയാറാകാത്തവരെയും പ്രശ്‌നങ്ങള്‍ തുറന്നു പറയുന്നവരെയും പ്രശ്‌നക്കാരെന്ന് മുദ്രകുത്തി അവസരങ്ങള്‍ ഇല്ലാതാക്കും. പിന്നാലെ പുറംതള്ളും. ഒറ്റയ്ക്ക് മുറിയില്‍ കഴിഞ്ഞാല്‍ രാത്രിയില്‍ കതകില്‍ മുട്ടുന്നത് പതിവാണ്. വാതില്‍ തകര്‍ത്ത് അവര്‍ അകത്തു കടക്കുമോയെന്ന ഭയത്തിലാണ് കിടക്കുന്നതെന്ന് പലരുടെയും മൊഴിയിലുണ്ട്.
പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമം അനിവാര്യമാണെന്നും ട്രൈബ്യൂണല്‍ രൂപീകരിക്കണമെന്നും ജസ്റ്റിസ് കെ. ഹേമ കമ്മിഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നു. ഷൂട്ടിംഗ് സൈറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമാായി വിലക്കണം. വനിതകള്‍ക്ക് നിര്‍മ്മാതാവ് സുരക്ഷിത താമസം, യാത്രാ സൗകര്യങ്ങള്‍ എന്നിവ നല്‍കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടു വച്ചിട്ടുണ്ട്.