തിരുവനന്തപുരം | ഏപ്രിൽ 17 മുതൽ 22വരെ സംസ്ഥാനത്തു നടക്കുന്ന എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ www.cee.kerala.gov.inൽ ( KEAM 2026-Candidate Portal) നിന്ന് ഡൗൺലോഡ് ചെയ്യാം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായതിനാൽ വിവിധ സെഷനുകളിലായാണ് നടത്തുക. എൻജിനിയറിംഗ് പ്രവേശന പരീക്ഷ 17 മുതൽ 22വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ്. ഫാർമസി പ്രവേശന പരീക്ഷ 18 മുതൽ 20 വരെ രാവിലെ 10 മുതൽ 11.30 വരെയാണ്. വിദ്യാർത്ഥികൾ പരീക്ഷാ സമയത്തിന് രണ്ടു മണിക്കൂർ മുമ്പ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം.
കേരളത്തിലെ വിവിധ കേന്ദ്രങ്ങൾക്കു പുറമേ മുംബൈ, ഡൽഹി, ചെന്നൈ, ബംഗളുരു, ഷാർജ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷയിൽ അപാകതകൾ ഉണ്ടെങ്കിലോ ഫീസ് പൂർണ്ണമായി അടച്ചില്ലെങ്കിലോ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനാവില്ല. തടഞ്ഞുവച്ചിട്ടുള്ളവർക്ക് ന്യൂനതകൾ പരിഹരിക്കാൻ 15 നു വൈകുന്നേരം നാലുവരെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. പരീക്ഷയ്ക്ക് ഡൗൺലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കണം.
മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനം നീറ്റ് – യു.ജി 2026 പരീക്ഷയും ആർക്കിടെക്ചർ കോഴ്സിലേക്കു ദേശീയ അഭിരുചി പരീക്ഷയായ നാറ്റും അടിസ്ഥാനപ്പെടുത്തിയാണ്.
ഡ്രൈവിംഗ് ലൈസൻസ്, സ്കൂൾ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്, ആധാർ, ഇ- ആധാർ, റേഷൻ കാർഡ്, ഫോട്ടോ പതിച്ച ബാങ്ക് പാസ് ബുക്ക് എന്നിവയിലേതെങ്കിലുമൊരു തിരിച്ചറിയൽ രേഖയും കരുതണം. ഈ രേഖകളില്ലെങ്കിൽ പ്ലസ്ടു പഠിച്ച സ്കൂളിന്റെ മേധാവി നൽകുന്ന വിദ്യാർത്ഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ ഗസറ്റഡ് ഓഫീസർ നൽകിയ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റോ ഹാജരാക്കണം. വിവരങ്ങൾ www.cee.kerala.gov.inൽ. ഹെൽപ്പ് ലൈൻ- 0471–2332120, 2338487.











