ന്യൂഡല്‍ഹി | പാക്കിസ്ഥാനിലെ ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പാക് പുരോഹിതന്‍ രംഗത്ത്. പാകിസ്ഥാന്‍ സര്‍ക്കാരിനോളം ക്രൂരത ഇന്ത്യയ്ക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദിലെ വിവാദ പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി രംഗത്തെത്തിയത്.
ലാല്‍ മസ്ജിദില്‍ വിദ്യാര്‍ത്ഥികളെയും അനുയായികളെയും അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന വീഡിയോയാണ് പുറത്തായത്. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നവര്‍ കൈകള്‍ ഉയര്‍ത്താന്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടു.
‘കൈകളില്ല, അതിനര്‍ത്ഥം ജനങ്ങള്‍ ബോധവാന്മാരാണ് എന്നാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ഇസ്ലാമിന്റെ യുദ്ധമല്ല എന്നതാണ് പ്രശ്‌നം. പാകിസ്ഥാന്‍ യുദ്ധം ദേശസ്‌നേഹത്തിനുവേണ്ടിയാണ്. ദേശസ്‌നേഹത്തിനായുള്ള യുദ്ധം ഇസ്ലാമില്‍ അനുവദനീയമല്ലെന്നും പുരോഹിതന്‍ അബ്ദുള്‍ അസീസ് ഗാസി പറയുന്നുണ്ട്. ‘പാകിസ്ഥാനില്‍ ഒരു ക്രൂരമായ സര്‍ക്കാരുണ്ട്. പാകിസ്ഥാനിലേതുപോലെ ഇന്ത്യയില്‍ ഒരു ക്രൂരതയുമില്ല. ലാല്‍ മസ്ജിദ് പോലുള്ള ഒരു സംഭവം ഇന്ത്യയില്‍ നടന്നിട്ടുണ്ടോ’ – അദ്ദേഹം ചോദിച്ചു.
ഇസ്ലാമാബാദിലെ ലാല്‍ മസ്ജിദില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഉത്തരവിട്ട 2007 ലെ ഓപ്പറേഷനെക്കുറിച്ചാണ് പുരോഹിതന്‍ പരാമര്‍ശിച്ചത്. 2007 ജൂലൈ 3 ന് നടന്ന ഓപ്പറേഷനില്‍, പാകിസ്ഥാന്‍ സൈന്യം പ്രദേശം വളഞ്ഞു, മൂന്ന് ദിവസത്തിന് ശേഷം ലാല്‍ മസ്ജിദിന്റെ പരിസരത്ത് പ്രവേശിച്ചു. സ്റ്റാന്‍ഡ്-ഓഫിന്റെ അവസാനം, കമാന്‍ഡോകള്‍ ഉള്‍പ്പെടെ 100 ലധികം പേര്‍ മരിച്ചു. പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യകളില്‍ നടന്ന അതിക്രമങ്ങളില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ അബ്ദുള്‍ അസീസ് ഗാസി ആഞ്ഞടിക്കുകയും സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ ബോംബെറിഞ്ഞുവെന്ന് ആരോപിക്കുകയും ചെയ്തു.
‘ബലൂചിസ്ഥാനില്‍ സംഭവിച്ചതും, പാകിസ്ഥാനിലും ഖൈബര്‍ പഖ്തുന്‍ഖ്വയിലുടനീളവും അവര്‍ ചെയ്തതും ക്രൂരതകളാണ്. ജനങ്ങള്‍ തയ്യാറായപ്പോള്‍, ഭരണകൂടം സ്വന്തം പൗരന്മാരെ ബോംബെറിഞ്ഞു’- അദ്ദേഹം പറഞ്ഞു. മെയ് 2 ന് വെള്ളിയാഴ്ച പ്രസംഗത്തിനിടെയാണ് ജാമിയ ഹഫ്‌സയിലും ലാല്‍ മസ്ജിദിലും അബ്ദുള്‍ അസീസ് ഗാസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.