തഞ്ചാവൂര്‍ | തഞ്ചാവൂര്‍ ജില്ലയിലെ വല്ലത്തിനടുത്തുള്ള ഒരു കുളത്തില്‍ മൂന്ന് സ്‌കൂള്‍ കുട്ടികള്‍ മുങ്ങിമരിച്ചു. തിരുവെങ്കട ഉദയന്‍പട്ടി സ്വദേശികളായ എസ്. ബാലമുരുകന്‍ (10), എസ്. ജസ്വന്ത് (8), കെ. മാധവന്‍ (10) എന്നിവരാണ് മരിച്ചത്.
തിരുവെങ്കട ഉദയന്‍പട്ടി പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്ന മൂന്ന് ആണ്‍കുട്ടികളും രാത്രി 10 മണിയായിട്ടും വീടുകളിലെത്തിയില്ല. സുന്ദരമൂര്‍ത്തി അയ്യനാര്‍കോയിലില്‍ ഉത്സവം നടക്കുന്നതിനാല്‍ അയല്‍പക്കത്തുള്ള മരുതക്കുടിയിലെ അയ്യാ ക്ഷേത്രത്തില്‍ കുട്ടികള്‍ പോയിരിക്കാമെന്ന് ആദ്യം കരുതിയ മാതാപിതാക്കള്‍ രാത്രി 10 മണിയോടെയാണ് അവരെ അന്വേഷിക്കാന്‍ തുടങ്ങിയത്.
മരുതക്കുടിയിലെ പിള്ളയാര്‍ ക്ഷേത്രത്തിലെ കുളത്തിന് സമീപം കുട്ടികളെ കണ്ടതായി ആരോ പറഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കളും ബന്ധുക്കളും അവിടെ ഓടിയെത്തി. കുളത്തിന്റെ കരയില്‍ സ്‌കൂള്‍ ബാഗുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മൂന്ന് കുട്ടികളെയും വെള്ളത്തില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. മൂവരെയും തഞ്ചാവൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വല്ലം പോലീസ് കേസെടുത്തു.